നഷ്‌ടപരിഹാര തുകയായ 10 കോടി രൂപയിൽ നിന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രിഡിക്ക് രണ്ട് കോടി രൂപയും ലഭ്യമാക്കണമെന്ന് ജസ്‌റ്റിസുമാരായ ഇന്ദിര ബാനർജി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര സർക്കാരിൻ്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേസ് നടപടികൾ അവസാനിപ്പിക്കുന്നതിൽ കേരളവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഇറ്റലി നൽകിയ നഷ്‌ടപരിഹാരത്തുക ന്യായമാണെന്ന് കോടതി വിലയിരുത്തി. തുക മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നതിനായി കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഒരു ജഡ്‌ജിയെ ചുമതലപ്പെടുത്തണം. തുക എപ്പോൾ കൈമാറണം എന്നതടക്കമുള്ള കാര്യങ്ങൾ ഈ ജഡ്‌ജിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
2012 ഫെബ്രുവരി 15നാണ് സെയ്‌ൻ്റ് ആൻ്റണി ബോട്ടിലെ മത്സ്യത്തൊഴിലാളികളായ ജെലസ്‌റ്റിൻ, അജീഷ് പിങ്ക് എന്നിവർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. സംശയത്തെ തുടർന്ന് എൻ്റിക്ക ലെക്‌സി എന്ന എണ്ണ ടാങ്കർ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തത്.
എല്ലാ നടപടികളും അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയതോടെ സുപ്രീം കോടതിയിലും, ഡൽഹി പട്യാല ഹൗസ് കോടതിയിലും നിലനിന്ന എല്ലാ കേസ് നടപടികളും അവസാനിച്ചു. എൻ്റിക്ക ലെക്‌സിയിലെ സുരക്ഷാ ജീവനക്കാരായിരുന്ന ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണിന്‍, മസിമിലാനോ ലത്തോര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.