കൊച്ചി> ലക്ഷദ്വീപ് സംവിധായിക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ നിലപാട് തേടി. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി കോടതിമാറ്റി.
തനിക്ക് കവരത്തി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടന്നും ഞായറാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും ഐഷ കോടതിയെ അറിയിച്ചു. പരാതിക്കാരൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ടന്നും ഐഷ ബോധിപ്പിച്ചു.
ലക്ഷദീപുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിനെ തുടർന്നാണ് ഐഷ കോടതിയെ
സമീപിച്ചത്. ലക്ഷദീപ് സ്വദേശിയാ താൻ ദ്വീപിൽ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങൾക്കെതിരെയാണ് പ്രതികരിച്ചതെന്നും തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണന്നും ഹർജിയിൽ പറയുന്നു. രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലന്നും വിദ്വേഷം പരത്തുന്നതോ, സംഘർഷം സൃഷ്ടിക്കുന്നതോ ആയ പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലന്നും ഐഷ ഹർജിയിൽ ബോധിപ്പിച്ചു.
രാഷ്ട്രീയ ചർച്ചയിൽ ന്യായമായ വിമർശനം മാത്രമാണ് നടത്തിയിട്ടുള്ളുവെന്നും തന്നെ തെറ്റായി കേസിൽ പെടുത്തിയിരിക്കുകയാണന്നും. ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന്, ചാനൽ ചർച്ചയിൽ നടി പറഞ്ഞതായാണ് പരാതിയിലെ ആരോപണം.
ലക്ഷദ്വീപിലെ ബിജെപി ഘടകം അധ്യക്ഷനാണ് ഐഷക്കെതിരെ പരാതി നൽകിയിട്ടുള്ളത്.















