ന്യൂഡൽഹി
റദ്ദാക്കിയ സിബിഎസ്ഇ 12–-ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡം രണ്ട് ദിവസത്തിനകം പുറത്തിറക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ, 11–-ാം ക്ലാസ് അവസാനപരീക്ഷ, 12–-ാം ക്ലാസ് പ്രീ–-ബോർഡ് പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിര്ണയം പരിഗണിക്കുന്നത്. മാനദണ്ഡം രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട 13 അംഗ വിദഗ്ധസമിതി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. എന്നാൽ, ചില അംഗങ്ങളുടെ ബന്ധുക്കൾ കോവിഡ് ബാധിതരായതോടെ കൂടുതൽ സമയം തേടി.
ബുധനാഴ്ച മാനദണ്ഡങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടാനാണ് ആലോചനയെന്ന് സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. മുമ്പ് നടത്തിയ പരീക്ഷകളിൽ വിദ്യാർഥികൾ നേടിയ മാർക്കുകൾ പരിഗണിച്ച് അവർക്ക് ഗ്രേഡുകൾ നൽകിയാൽ മതിയെന്ന് നിരവധി സിബിഎസ്ഇ സ്കൂളുകളിലെ പ്രധാന അധ്യാപകർ വിദഗ്ധസമിതിയോട് പറഞ്ഞിട്ടുണ്ട്. ഇതുൾപ്പെടെയുള്ള ശുപാർശകൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.