കൊച്ചി
ലക്ഷദ്വീപ് സന്ദർശനത്തിലൂടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ലക്ഷ്യമിടുന്നത് വൻകിട നിർമാണപദ്ധതികൾക്ക് അന്തിമരൂപം നൽകൽ. ദ്വീപിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ സ്മാർട്ട് സിറ്റി പദ്ധതി, വമ്പൻ ആശുപത്രികളുടെ നിർമാണം, ഇക്കോടൂറിസം–- ഹെലിബേസ് പദ്ധതികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജീസിന്റെ (എൻഐഒടി) വിവിധ പദ്ധതികൾ എന്നിവ ഇതിലുൾപ്പെടും. ഒരാഴ്ചകൊണ്ട് ഇവയുടെ അവതരണവും ചർച്ചകളും തുടർന്ന് നിർവഹണഘട്ടത്തിലേക്കുള്ള നടപടികളും പൂർത്തിയാക്കലാണ് ലക്ഷ്യം. ഈ പദ്ധതികൾക്ക് വഴിയൊരുക്കാനുള്ള പരിഷ്കാരങ്ങളാണ് ഇതിനകം അഡ്മിനിസ്ട്രേറ്റർ കൈക്കൊണ്ടത്.
ലക്ഷദ്വീപിന്റെ തീരത്തെയും കടലിനെയും പ്രതികൂലമായി ബാധിക്കുന്ന വൻകിട പദ്ധതിയാണ് ഇക്കോ ടൂറിസത്തിലുള്ളത്. നിതി ആയോഗ് അനുമതി നൽകിയ, തീരത്തും കടലിലും വില്ലകൾ നിർമിക്കുന്ന പദ്ധതിയാണിത്. ഇതിനെതിരെ രാജ്യത്തെ മുപ്പതോളം ഗവേഷണസ്ഥാപനങ്ങളിലെ 114 ശാസ്ത്രകാരന്മാർ കേന്ദ്രസർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. പദ്ധതിയുടെ അവതരണം 17നാണ്.
എൻഐഒടി ആവിഷ്കരിച്ച കടൽജലം ശുദ്ധീകരിക്കുന്ന 200 കോടിയോളം രൂപയുടെ പദ്ധതിയാണ് മറ്റൊന്ന്. ലോ ടെംപറേച്ചർ തെർമൽ ഡെസ്റ്റിനേഷൻ (എൽടിടിഡി) സാങ്കേതികവിദ്യപ്രകാരമുള്ള പദ്ധതിയുടെ ലക്ഷ്യം ടൂറിസം രംഗത്തെ വികസനമാണ്. ആറു ദ്വീപുകളിലാണ് പ്ലാന്റ് നിർമിക്കുക.ഇതിന്റെ പരിശോധന 18ന് നടക്കും. കവരത്തി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അവരത്തി, അഗത്തി ദ്വീപുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിർമിക്കാൻ 140 കോടി രൂപയാണ് ചെലവ്. ബുധനാഴ്ച ഈ ദ്വീപുകളും അഡ്മിനിസ്ട്രേറ്റർ സന്ദർശിക്കും.
ലക്ഷദ്വീപിൽ ചുമതലയേറ്റതുമുതൽ, പാരിസ്ഥിതിക പ്രത്യേകതകൾ അവഗണിച്ച് വൻകിട നിർമാണങ്ങൾക്കുള്ള ശ്രമത്തിലാണ് പ്രഫുൽ കെ പട്ടേൽ. ദാമൻദിയു, ദാദ്രനഗർ ഹവേലി ദ്വീപുകളുടെ അഡ്മിനിസ്ട്രേറ്ററായിരിക്കെ അവിടെ നടപ്പാക്കിയതും അതാണ്. നിർമാണ കരാറുകൾ മകനുൾപ്പെടെ നൽകാനാണ് നീക്കം. പദ്ധതി നടത്തിപ്പിനും ടൂറിസത്തിന്റെ പേരിലും വൻകിട കോർപറേറ്റുകൾ ദ്വീപിൽ സ്ഥാനമുറപ്പിക്കുമെന്നും വിമർശമുണ്ട്.