കൽപ്പറ്റ
വയനാട് മുട്ടിലിൽ റവന്യൂ പട്ടയ ഭൂമിയിൽനിന്ന് അനധികൃതമായി മുറിച്ച വീട്ടിത്തടികൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ വനംവകുപ്പ് നടപടി തുടങ്ങി. പ്രതികൾക്ക് നോട്ടീസ് അയച്ചതായി വിജിലൻസ് സംഘത്തെ നയിക്കുന്ന കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ പി ധനേഷ്കുമാർ പറഞ്ഞു. 14 ദിവസത്തിനുശേഷം ഡിഎഫ്ഒ ഹിയറിങ് നടത്തി തടികൾ സർക്കാരിലേക്ക് കണ്ടുകെട്ടും.
റവന്യൂ പട്ടയ ഉടമകളായ കർഷകരെ സഹായിക്കാനിറക്കിയ ഉത്തരവിന്റെ മറവിൽ മുട്ടിൽ വില്ലേജിൽനിന്നാണ് വ്യാപകമായി വീട്ടി മരങ്ങൾ കടത്തിയത്. ആദിവാസികളെയും കർഷകരെയും വഞ്ചിച്ച് നടത്തിയ കോടികളുടെ കൊള്ളയിൽ 202 ക്യുബിക് മീറ്റർ മരങ്ങൾ മുറിച്ചതായാണ് വനംവകുപ്പിന്റെ കണക്ക്.
640 തടിക്കഷണം വനംവകുപ്പ് പിടിച്ചെടുത്ത് കുപ്പാടി ഡിപ്പോയിലെത്തിച്ചിട്ടുണ്ട്. പ്രതികളായ ആന്റോ അഗസ്തിനും റോജി അഗസ്തിനും പെരുമ്പാവൂരിലെ തടി മില്ലിലെത്തിച്ച 13 ക്യൂബിക് മീറ്റർ തടിക്കഷണങ്ങളും ഇതിലുണ്ട്. മരംമുറിക്കെതിരെ സർക്കാർ അന്വേഷണം കൂടുതൽ ഊർജിതമാക്കി. പ്രതികൾക്കെതിരെ ലാൻഡ് കൺസർവൻസി ആക്ടനുസരിച്ച് റവന്യൂവകുപ്പ് കേസെടുത്തിട്ടുണ്ട്.















