തിരുവനന്തപുരം
അട്ടക്കുളങ്ങര വനിതാജയിലിലും കാക്കനാട് ജില്ലാ ജയിലിലും പെട്രോൾ പമ്പ് ഉടൻ. സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി പമ്പുകൾ ഉടൻ തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ വകുപ്പിന് നിർദേശം നൽകി. പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ പെട്രോൾ പമ്പാകും അട്ടക്കുളങ്ങരയിലേത്. പമ്പ് സ്ഥാപിക്കാൻ ഐഒസിക്ക് ജയിൽഭൂമി പാട്ടത്തിന് നൽകാൻ റവന്യൂ വകുപ്പ് നടപടി വേഗതയിലാക്കി. ജയിൽമതിൽ പൊളിച്ചാകും അട്ടക്കുളങ്ങരയിൽ പമ്പ് സ്ഥാപിക്കുക. ജയിൽ വകുപ്പിന് കീഴിലുള്ള പെട്രോൾ പമ്പുകൾ ഇതോടെ ആറാകും.
പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് നിലവിൽ പെട്രോൾ പമ്പുള്ളത്. ഒരു പമ്പിൽനിന്ന് ദിവസം ശരാശരി 50,000 രൂപവരെ ലാഭമുണ്ട്. 64.76 കോടിയുടെ വിറ്റുവരവാണ് നാല് പമ്പിലും ഇതുവരെയുണ്ടായത്. ഇതിൽ 1.36 കോടി ലാഭമാണ്. തുടർന്നാണ് കൂടുതൽ പെട്രോൾ പമ്പ് ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിനായി ജയിൽ മേധാവി ഋഷിരാജ് സിങ് നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയായിരുന്നു. തടവുകാരാണ് പമ്പുകളിൽ ജോലിചെയ്യുന്നത്. അവർക്ക് കൂലിയുമുണ്ട്.