ന്യൂഡൽഹി
അയോധ്യയില് ഭൂമി വാങ്ങിയതിൽ രാമക്ഷേത്ര ട്രസ്റ്റ് 16 കോടിയിൽപ്പരം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. രണ്ട് കോടി രൂപ വിലമതിക്കുന്ന 1.208 ഹെക്ടർ സ്ഥലം 18.5 കോടി രൂപയ്ക്ക് വാങ്ങിയതായി ട്രസ്റ്റ് ഭാരവാഹികൾ വിൽപ്പനപത്രമുണ്ടാക്കിയെന്ന് സമാജ്വാദി പാർടി നേതാവ് തേജ്നാരായണൻ പവൻ പാണ്ഡെയും എഎപി നേതാവ് സഞ്ജയ്സിങ് എംപിയും രേഖകൾ സഹിതം വെളിപ്പെടുത്തി. ലക്ഷക്കണക്കിനുപേരിൽനിന്ന് സമാഹരിച്ച പണം ട്രസ്റ്റ് ഭാരവാഹികൾ കൊള്ളയടിച്ചുവെന്നും അവർ പറഞ്ഞു.
അയോധ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭൂമികച്ചവട ഇടനിലക്കാരെ നിർത്തിയാണ് ട്രസ്റ്റ് അധികൃതർ തട്ടിപ്പ് നടത്തിയത്. മെയ് 18നാണ് ഭൂമി കൈമാറ്റം രജിസ്റ്റർ ചെയ്തത്. ആദ്യം കുസും പഥക്, ഹരീഷ് പഥക് എന്നിവരിൽനിന്ന് രണ്ട് കോടി രൂപയ്ക്ക് രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവരുടെ പേരിൽ സ്ഥലം കൈമാറി. ഇവരിൽനിന്നും, 10 മിനിറ്റിനുശേഷം ഇതേ സ്ഥലം 18.5 കോടി രൂപയ്ക്ക് ട്രസ്റ്റ് വാങ്ങി. ട്രസ്റ്റ് അംഗം അനിൽകുമാർ മിശ്ര, അയോധ്യ മേയർ ഋഷികേശ് ഉപാധ്യായ എന്നിവർ രണ്ട് കൈമാറ്റത്തിലും സാക്ഷികളായി ഒപ്പുവച്ചിട്ടുണ്ട്.
ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിർദേശപ്രകാരമാണ് 15 അംഗ ട്രസ്റ്റ് രൂപീകരിച്ചത്. വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായിയാണ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി. ക്ഷേത്രനിർമാണ സ്ഥലത്തുനിന്നും മാറി സദർ താലൂക്കിലെ ഹവേലി അവധ് പർഗാനയിലാണ് ട്രസ്റ്റ് വിവാദ ഭൂമി ഇടപാട് നടത്തിയത്.
ഒരേ സ്ഥലം 10 മിനിറ്റിനുള്ളിൽ രണ്ട് തവണ കൈമാറിയെന്ന ആരോപണം ചംബത് റായി ശരിവച്ചു. വസ്തു ഉടമകളിൽനിന്ന് ഈ സ്ഥലം വാങ്ങാൻ ഇടനിലക്കാർ നേരത്തെ കരാർ ഉണ്ടാക്കിയിരുന്നെന്നും പിന്നീട് അയോധ്യയിൽ വില വർധിച്ചുവെന്നും റായി പ്രതികരിച്ചു. രാമക്ഷേത്ര നിർമാണത്തിന് 3,200 കോടി രൂപയാണ് കഴിഞ്ഞ മാർച്ച് 31 വരെ സംഭാവനയായി ട്രസ്റ്റിനു ലഭിച്ചത്.