കൊച്ചി> ‘പൊലീസിന് ചാകരക്കാല’മെന്ന മലയാള മനോരമയുടെ വ്യാജ വാര്ത്തയ്ക്കെതിരായ ശക്തമായ വിമര്ശനത്തിന് പിന്നാലെ സോഷ്യല് മീഡിയയില് ട്രോള് മഴ. ‘ചാകര പ്രോജക്ട് ഓഫ് മലയാള മനോരമ’യുടെ ഭാഗമായി അക്കൗണ്ടിലേയ്ക്ക് പണം ലഭിച്ചു എന്ന തരത്തില് ബാങ്കില് നിന്നുള്ള സന്ദേശത്തിന്റെ മാതൃകയിലുള്ള അറിയിപ്പാണ് ലേറ്റസ്റ്റ്. പൊലീസുകാര്ക്കിടയിലെ വാട്ട്സാപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളില് ഇതാണ് ഇപ്പോള് സ്റ്റാറ്റസ്. ‘ചാകര പ്രോജക്ട് ഓഫ് മലയാള മനോരമ വഴി 25000 രൂപ ലഭിച്ചിരിക്കുന്നു എന്ന ബാങ്ക് ട്രാന്സ്ഫറിന്റെ സ്ക്രീന് ഷോട്ടാണ് വലിയ തോതില് പ്രചരിക്കുന്നത്.
നിയമം ലംഘിച്ചവരില്നിന്ന് പിഴയീടാക്കിയതിനെയാണ് ‘പൊലീസിന് ചാകരക്കാലം’ എന്ന് മനോരമ ചിത്രീകരിച്ചത്. പൊലീസുകാരും പൊതുസമൂഹവും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അതിനുപിന്നാലെ കുറിക്കുകൊള്ളുന്ന വീഡിയോ പൊലീസും ഇറക്കിയിരുന്നു. ചാകരയ്ക വേണ്ടിയല്ല; ആരും ചാകാതിരിക്കാനാണ് എന്ന ടാഗ് ലൈന് നല്കിയായിരുന്നു ഔദ്യോഗിക പ്രതികരണം.
‘പൊലീസിന് ‘ചാകര’ക്കാലം; പിഴയായി കിട്ടിയത് 35 കോടി’ എന്നാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില് വാര്ത്ത മനോരമ നല്കിയത്. കോവിഡ് കാലത്ത് ജനങ്ങളെ പിഴിഞ്ഞെന്നും പരിഹസിക്കുന്നു. എന്നാല്, കോവിഡ് നിയന്ത്രണം ലംഘിക്കുന്നവരില്നിന്ന് 500മുതല് 5000 രൂപവരെ പിഴ ഈടാക്കാന് പകര്ച്ചവ്യാധി നിയന്ത്രണ നിയമം പറയുന്നു. ഇതാണ് പൊലീസുകാരുടെ ചാകരയാക്കി ചിത്രീകരിച്ചത്.
സര്ക്കാര് നല്കുന്ന ടിആര് 5 രസീത് നല്കിയാണ് പൊലീസ് പിഴയീടാക്കുക. ഈ തുക എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്മാരും 24 മണിക്കൂറിനകം ട്രഷറിയില് നിക്ഷേപിക്കും. മോട്ടോര് വാഹന വകുപ്പും ഇങ്ങനെയാണ് ചെയ്യുന്നത്.