ഇർഷാദ് സിപിഎമ്മിന്റെ തണലിൽ ഇരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടൻ പ്രതികരിച്ചത്.
ഇത്തരത്തിലൊരു നാടകം ആദ്യത്തേതല്ലെന്നും നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ടെന്നും ഇർഷാദ് പറഞ്ഞു. സ്ത്രീയെന്നോ ദളിതനെന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും മാനദണ്ഡത്തിന്റെയോ അടിസ്ഥാനത്തിലല്ല താൻ നിലപാട് പറയുന്നത്. ഒരു ജനപ്രതിനിധിയുടെ നാടകം കണ്ടപ്പോൾ അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കേണ്ട കാര്യമില്ലല്ലോ? താൻ ചെയ്തത് ഒരു ജനപ്രതിനിധിയോടുള്ള പ്രതികരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അകലം പാലിക്കൂ എന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ പറയുമ്പോൾ കയർത്തുകൊണ്ട് അവർ അടുത്തേക്ക് ചെല്ലുകയാണ് ചെയ്യുന്നത്. അവർ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. അത് നാടകമാണെന്ന കൃത്യമായ ബോധ്യമുണ്ട്. ഏത് മലയാളിക്കും മനസിലാകും, ഇർഷാദ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. സംഭവത്തിൽ രമ്യാ ഹരിദാസ് എംപി പ്രതികരിച്ചിട്ടില്ല.