കൊച്ചി
ക്രിമിനൽ കേസ് പ്രതികൾ മജിസ്ട്രേട്ടിനുമുന്നിൽ നടത്തുന്ന കുറ്റസമ്മതം, ആരോപണങ്ങളുടെ യഥാർഥ വശം മനസ്സിലാക്കിയായിരിക്കണമെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതി നിർദേശം. പ്രതികൾ യാന്ത്രികമായി നടത്തുന്ന കുറ്റസമ്മതത്തിന്റെ വെളിച്ചത്തിൽ പ്രതികളെ ശിക്ഷിക്കരുതെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു. പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചശേഷം, കുറ്റം ചെയ്തിട്ടുണ്ടോയെന്ന് ചോദിക്കണം. കുറ്റസമ്മതം നടത്തിയാൽ, അത് പ്രത്യേകം രേഖപ്പെടുത്തണം. വിചാരണയ്ക്കിടെ എപ്പോൾ വേണമെങ്കിലും കുറ്റം സമ്മതിക്കാമെന്ന ഹൈക്കോടതിയുടെ മുൻകാല ഉത്തരവുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് കോടതിയുടെ പുതിയ നിർദേശം.
പരപ്പനങ്ങാടി മജിസ്ട്രേട്ട് കോടതി, രേഖകളിൽ കുറ്റസമ്മതം വ്യക്തമായി രേഖപ്പെടുത്തിയില്ലെന്ന് വിലയിരുത്തിയാണ് നിർദേശം. 2014 ജൂൺ രണ്ടിന് ചെമ്മാട് ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവ ഘോഷയാത്ര തടസ്സപ്പെടുത്തിയതിന് പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയായ റസീൻ ബാബു കുറ്റസമ്മതം നടത്തിയത്. വിചാരണയുടെ ആദ്യഘട്ടത്തിലും പിന്നീടും പ്രതി കുറ്റസമ്മതം നടത്തി. കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻസ്) തസ്തികയിൽ കിട്ടുമായിരുന്ന ജോലി, ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലഭിക്കാതെ പോയി. കുറ്റസമ്മതത്തിന്റെ പരിണതഫലം അറിയാതെയാണ് കുറ്റസമ്മതം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പ്രതി കോടതിയിൽ നൽകിയ മറുപടി രേഖപ്പെടുത്തുന്നതിൽ അപാകമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസുകൾ പുനർവിചാരണ നടത്താൻ ഹൈക്കോടതി നിർദേശിച്ചു.