കൊച്ചി
അഡ്മിനിസ്ട്രേറ്ററെത്തുന്ന തിങ്കളാഴ്ച കരിദിനം ആചരിക്കാനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം. കറുത്ത ബാഡ്ജും കറുത്ത മാസ്കും ധരിച്ച് വീടിനുമുന്നിൽ പ്ലക്കാർഡ് പിടിച്ചാകും പ്രതിഷേധം. ജനപ്രതിനിധികളും ജനങ്ങളും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കും. അഡ്മിനിസ്ട്രേറ്ററെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കാനും ശ്രമിക്കുമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു.
എംപിമാർ കത്തയച്ചു
ലക്ഷദ്വീപിലുള്ള ജർമൻ പൗരൻ റൂലൻ മോസ്ലെയ്ക്കെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് എംപിമാരായ എളമരം കരീമും എ എം ആരിഫും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു. പെർമിറ്റിൽ കള്ളത്തരം കാണിച്ചാണ് ഇയാൾ ദ്വീപിലെത്തിയത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റിന്റെ മകനാണ് സ്പോൺസർ. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബംഗാരം ദ്വീപ് സന്ദർശിച്ചപ്പോൾ വിസയോ പാസ്പോർട്ടോ ഇല്ലാതെ ഇയാൾ ദ്വീപിൽ തങ്ങിയതിന് തെളിവുണ്ട്.
അഗത്തി പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് ഒരുവർഷമായെങ്ങിലും കുറ്റപത്രം നൽകിയിട്ടില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ എൻഐഎ അന്വേഷിക്കണം. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദറിന്റെ മകനുമായുള്ള ബന്ധം അന്വേഷിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.