മാന്നാർ
സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ. തിരുവല്ല നിരണം തെക്കുകോത്തേരിൽ വീട്ടിൽ വരുൺ (32), നിരണം വടക്കുകള്ളിക്കൽ പടിഞ്ഞാറെതിൽ മെഹബൂബ് (44) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്.
വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ തിരുവല്ലയിൽനിന്നാണ് പിടികൂടിയത്. ഇതോടെ കേസിൽ 19 പ്രതികൾ പിടിയിലായി. യുവതിയുടെ വീടാക്രമിച്ച പ്രാദേശിക ഗുണ്ടാസംഘത്തിലെ അംഗങ്ങളാണിവരെന്നും അന്വേഷണസംഘം തലവൻ ചെങ്ങന്നൂർ ഡിവൈഎസ്പി ആർ ജോസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 22ന് ദുബായിൽനിന്നെത്തിയ കുരട്ടിക്കാട് വിസ്മയവിലാസത്തിൽ ബിന്ദുവിനെ (39) ഇരുപതോളം പേരടങ്ങുന്ന സംഘം അർധരാത്രിയിൽ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി തട്ടിക്കൊണ്ട് പോയിരുന്നു. ക്രൂരമർദനത്തിനിരയായ ബിന്ദുവിനെ അന്നുച്ചയോടെ പാല ക്കാട് വടക്കഞ്ചേരിക്ക് സമീപമുള്ള റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ദുബായിൽനിന്ന് നാട്ടിലെത്തിക്കാൻ ഏൽപ്പിച്ച ഒന്നരക്കിലോ സ്വർണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. കേസിലെ മറ്റ് പ്രതികളെക്കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മാന്നാർ എസ്എച്ച്ഒ എസ് നുമാൻ, എസ്ഐമാരായ ഷെബാബ്. കെ കെ ശ്രീകുമാർ, സീനിയർ സിപിഒ റിയാസ്, സിപിഒമാരായ വിഷ്ണുപ്രസാദ്, സിദ്ദിഖ് ഉൾ അക്ബർ, ഹോംഗാർഡ് സുരേഷ്കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ വരുണിനെ ജില്ലാ ജയിലിൽ റിമാൻഡ്ചെയ്തു. മെഹബൂബിനെ ഹൈക്കോടതി ഉത്തരവിൽ ജാമ്യത്തിൽ വിട്ടു.