തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.പിയെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാ ഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ധിക്കാരപരമായ നടപടികൾ യു.ഡി.എഫ്. കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസിന് റോഡിൽ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. കേസിൽ പോലീസ് നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
content highlights:vs satheesan on remya haridas allegation against cpm