ആലത്തൂർ നഗരത്തിൽവെച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് എംപിയുടെ പരാതി. സംഭവത്തിൽ പോലീസ് രണ്ടുപേർക്കെതിരെ കേസെടുത്തെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് താനെന്നും രമ്യ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്‍റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി. സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ.. സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്‍റെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്‍റെ തനിനിറം പുറത്തെടുത്തു.’ രമ്യ
ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോയെന്നും എംപി ചോദിച്ചു.
ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്‍റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ജനസേവനത്തിന്‍റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം.
വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ ഞാൻ സന്നദ്ധയാണ്. ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ. സഞ്ചരിക്കാനുള്ള എന്‍റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രമ്യ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.