ന്യൂഡൽഹി
ബിജെപി കൂട്ടുകെട്ട് ഉപേക്ഷിച്ച ശിരോമണി അകാലിദൾ (എസ്എഡി) ബിഎസ്പിയുമായി സഖ്യത്തിലെത്തി. അടുത്തവർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്എഡി 97 സീറ്റിലും ബിഎസ്പി 20 സീറ്റിലും മത്സരിക്കും. 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്എഡി–-ബിഎസ്പി സഖ്യം പഞ്ചാബിലെ 13ൽ 11 സീറ്റ് നേടിയിരുന്നു. പിന്നീട് എൻഡിഎയുടെ ഭാഗമായ എസ്എഡി, കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ കാർഷികനിയമങ്ങൾ പാസാക്കിയതിനെ തുടർന്നാണ് പുറത്തുവന്നത്. പഞ്ചാബിലെ കർഷകർ ബിജെപിയെ സാമൂഹ്യമായി ബഹിഷ്കരിച്ചിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പലയിടത്തും സ്ഥാനാർഥികളെ നിർത്താൻ പോലും കഴിഞ്ഞില്ല. മത്സരിച്ച സ്ഥലങ്ങളിൽ വൻ പരാജയം ഏറ്റുവാങ്ങി.
പഞ്ചാബിൽ പുതിയ തുടക്കമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ട്വീറ്റ് ചെയ്തു. 2022ലും ഭാവി തെരഞ്ഞെടുപ്പുകളിലും എസ്എഡി–-ബിഎസ്പി സഖ്യം തുടരുമെന്ന് എസ്എഡി അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചാബിൽ കോൺഗ്രസ് ദുർഭരണത്തെ പിഴുതെറിയുമെന്ന് എസ്എഡി എംപി ഹർസിമ്രത് കൗർ പറഞ്ഞു. കാർഷികനിയമങ്ങളിൽ പ്രതിഷേധിച്ച് ഇവർ കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവച്ചിരുന്നു.















