ന്യൂഡൽഹി
ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നൂറ്റാണ്ട് പഴക്കമുള്ള ഗരീബ് നവാസ് മസ്ജിദ് തകർത്തതിന് എതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. മെയ് 17നാണ് റാംസനേഹി ഘാട്ട് താലൂക്കിലെ മസ്ജിദ് ‘അനധികൃത കെട്ടിടമെന്ന്’ ആരോപിച്ച് അധികൃതർ പൊളിച്ചത്. റാംസനേഹി ഘാട്ട് സബ്ഡിവിഷണൽ മജിസ്ട്രേട്ടിന്റെ ഏപ്രിൽ മൂന്നിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പള്ളി പൊളിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ഈ ഉത്തരവിനെ ചോദ്യംചെയ്താണ് ബോർഡ് വെള്ളിയാഴ്ച ഹൈക്കോടതി ലഖ്നൗ ബെഞ്ചിൽ ഹർജി സമർപ്പിച്ചത്.
നേരത്തേ സുന്നി കേന്ദ്ര വഖഫ്ബോർഡും പള്ളി പൊളിച്ചതിന് എതിരെ കോടതിയെ സമീപിച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ പൊളിച്ചുമാറ്റലുകളും കുടിയൊഴിപ്പിക്കലും നിർത്തിവയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ലംഘിച്ചാണ് പള്ളി പൊളിച്ചതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
പള്ളി പൊളിച്ചതിൽ ഗൂഢാലോചനയുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷിക്കണം. പള്ളി പുനഃസ്ഥാപിക്കാൻ നഷ്ടപരിഹാരം നല്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.