തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നൂറു ദിന പരിപാടികൾ പ്രഖ്യാപിച്ച് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് രണ്ടാം പിണറായി സർക്കാരും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല.
കഴിഞ്ഞ സർക്കാരിന്റെ അവസാന വർഷം രണ്ടു തവണയായി രണ്ടു നൂറു ദിന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഓണസമ്മാനമായും ഡിസംബറിൽ ക്രിസ്തുമസ് സമ്മാനമായുമാണ് രണ്ട് നൂറു ദിന പദ്ധതികൾ പ്രഖ്യാപിച്ചത്. പുതുവർഷത്തിൽ പത്തിന പദ്ധതികൾ ഇതിന് പുറമെയും പ്രഖ്യാപിച്ചു. അവയൊന്നും നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോൾ പ്രഖ്യാപിച്ച നൂറു ദിന പദ്ധതികളും കബളിപ്പിക്കാനുള്ളവയാണ്. മാത്രമല്ല പലതും നടപ്പാവാതെ പോയ പഴയ പദ്ധതികളുടെ ആവർത്തനവുമാണ്, ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
അഞ്ചു ലക്ഷം കുട്ടികൾക്ക് വിദ്യാശ്രീ പദ്ധതിപ്രകാരം നൂറ് ദിവസത്തിനകം ലാപ്ടോപ് നൽകുമെന്നായിരുന്നു കഴിഞ്ഞ ആഗസ്റ്റിലെ പ്രഖ്യാപനം. അത് നടന്നില്ല. എന്നിട്ടാണ് അരലക്ഷം കുട്ടികൾക്ക് വിദ്യാശ്രീ പദ്ധതി പ്രകാരം ലാപ് ടോപ്പ് കൊടുക്കുമെന്ന് ഇപ്പോൾ വീണ്ടും നൂറുദിന പരിപാടിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തെ പ്രഖ്യാപനം നടപ്പാക്കാതെ എന്തിനാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്?
50,000 പേർക്ക് തൊഴിൽ നൽകുമെന്ന് കഴിഞ്ഞ ആഗസ്റ്റിലെ നൂറു ദിന പദ്ധതിയിലും 50,000 പേർക്കു കൂടി തൊഴിൽ നൽകുമെന്ന് ഡിസംബറിലെ രണ്ടാം നൂറു ദിന പദ്ധതിയിലും പിണറായി വിജയൻ പ്രഖ്യാപിച്ചതാണ്. രണ്ടും നടന്നില്ല. കുടുംബശ്രീയിൽ നേരത്തെ ഉണ്ടായിരുന്ന തൊഴിലവസരങ്ങൾ ഇതിന്റെ കണക്കിൽ എഴുതിവച്ചു എന്നല്ലാതെ പുതുതായി ഒരൊറ്റ തൊഴിലവസരവും സൃഷ്ടിച്ചില്ല. ഇപ്പോഴാകട്ടെ 20 ലക്ഷം പേർക്ക് പുതിയ തൊഴിലവസരങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കുമെന്നും 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേതു പോലെ ഇതും കബളിപ്പിക്കലാണ്.
തുടർച്ചയായി പ്രഖ്യാപനങ്ങൾ നടത്തി എല്ലാക്കാലത്തും ജനങ്ങളെ കബളിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റിപ്പോയിരിക്കുകയാണ്. ആയിരക്കണക്കിന് കോടികളുടെ പാക്കേജാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബജറ്റുകളിൽ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്നത്. ആ തന്ത്രം വിജിയിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് വീണ്ടും കബളിപ്പിക്കൽ തന്ത്രവുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്. ആ തന്ത്രം ഇനി നടപ്പാവാൻ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights:100 day program is a repetition of the old deception- Ramesh Chennithala