ന്യൂഡൽഹി: മുട്ടിൽ മരംകൊള്ളയിൽ സിപിഐയ്ക്ക് എതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഐ നേതാക്കൾ അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നതെന്നും സിപിഐയുടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കളെന്നും സുരേന്ദ്രൻ പറഞ്ഞു. മരം കൊള്ളയിൽ പഴയ വനം മന്ത്രിയോ അദ്ദേഹത്തിന്റെ പാർട്ടിയോ മിണ്ടാത്തതെന്താണ്? കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നത് ? പരിസ്ഥിതിവാദി എന്ന് പറയുന്ന ബിനോയ് വിശ്വം എന്താണ് മിണ്ടാത്തത് ? എന്തുകൊണ്ടാണ് കൈയ്യിലുണ്ടായിരുന്ന വനം വകുപ്പ് ഒരു ചർച്ച കൂടാതെ കാനം രാജേന്ദ്രൻ വിട്ടുകൊടുത്തത് ? എല്ലാം പ്രതീക്ഷിച്ചിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും സുരേന്ദ്രൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിഷയം ക്യാബിനറ്റ് ചർച്ച ചെയ്തിട്ടുണ്ടോയെന്നും അതല്ലെങ്കിൽഒരു ഉദ്യോഗസ്ഥൻ മാത്രം എടുത്ത തീരുമാനമാണോ എന്നും സുരേന്ദ്രൻ ചോദിച്ചു. കർഷകരെ സഹായിക്കാനെടുത്ത തീരുമാനം എന്നാണ് പറഞ്ഞത്. കർഷകരെ സഹായിക്കാനെടുത്ത തീരുനമാനം പിന്നെ എന്തുകൊണ്ടാണ് മൂന്ന് മാസം കഴിഞ്ഞപ്പോൾ വേണ്ടന്ന് വെച്ചത് ?. മൂന്ന് മാസത്തേക്ക്മാത്രം കർഷകരെ സഹായിക്കണമെന്നുള്ളതായിരുന്നോ തീരുമാനം ?. കർഷകരെ സഹായിക്കാനുള്ള തീരുമാനമായിരുന്നങ്കിൽ അതിലെ അഴിമതി ഒഴിവാക്കി അത് തുടരാമായിരുന്നല്ലോയെന്നും സംസ്ഥാന സർക്കാരിന് അഴിമതി ഇല്ലാതാക്കാനുള്ള സംവിധാനം ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.
കാൽക്കോടി രൂപ കൈക്കൂലി കൊടുത്താണ് മരങ്ങൾ പെരുമ്പാവൂർ വരെ കടത്തിയതെന്ന് മരംമുറി കേസിലെ പ്രധാന കുറ്റവാളി രണ്ട് ദിവസമായി പറയുന്നു. ലോക്ഡൗൺ കാലത്ത് ഒരു പച്ചക്കറി വാങ്ങാൻ പോകാൻ പോലും സത്യവാങ്മൂലം ഹാജരാക്കേണ്ട സമയത്ത് ഇത്രയും ഭീകരമായ നിലയിൽ മരം കടത്തിയിട്ട് ആരും അയാളെ ചോദ്യം ചെയ്തില്ലേ ?. കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞ് എല്ലാ ചാനലുകളിലും വന്നിട്ട് 48 മണിക്കൂർ കഴിഞ്ഞിട്ടും എന്താണ് നടപടി എടുക്കാത്തത് ?
മരംമുറി സർക്കാരിന്റെ നയപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നത്.ഇത് ഉദ്യോഗസ്ഥരുടെ തലയിൽകെട്ടിവെച്ച് രക്ഷപെടാം എന്ന് മുഖ്യമന്ത്രി വിചാരിക്കരുത്. ഐഎഎസ് ഉദ്യോഗസ്ഥൻ മാത്രമെടുത്ത തീരുമാനമാണെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ സസ്പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ തയ്യാറാകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഇക്കാര്യത്തിൽ സർക്കാർ ആരെയാണ് ഭയപ്പെടുന്നത് ?സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. മുട്ടിൽവില്ലേജ് ഓഫീസറെ തിരുവനന്തപുരത്ത് നിന്ന് ഭീഷണിപ്പെടുത്തുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. ഈ മരംകടത്ത് തടഞ്ഞ ഉദ്യോഗസ്ഥന് ഭീഷണിയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മരണം വരെ നടന്നിരിക്കുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. ആരുടെ ഇടപെടലാണ് ഇതിൽ ഉണ്ടായിരിക്കുന്നതെന്നും ആരാണ് ഇതിന് ഒത്താശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വീരപ്പന്മാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും കർണാടകയിലെ വീരപ്പന്റെ പത്ത് ഇരട്ടി വിരപ്പന്മാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. മൊബൈൽഫോൺ കൊടുത്തു രണ്ട് ലക്ഷം വാങ്ങി എന്ന പേരിൽ കള്ളക്കേസ് നടത്തുന്നവർ കാൽകോടി കൈക്കൂലി കൊടുത്താണ് മരം കടത്തിയതെന്ന് പറഞ്ഞ് 48 മണിക്കൂർ കഴിഞ്ഞിട്ടും അന്വേഷിക്കാൻ പോലീസില്ല, അന്വേഷണ സംഘമില്ല ഒന്നുമില്ല. ഈ ഇരട്ടത്താപ്പ് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Muttil tree felling case: K Surendran againest CPM and CPI