തൃശ്ശൂർ: പാവറട്ടിയിലെ എക്സൈസ് കസ്റ്റഡി മരണ കേസിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്. സി.ബി.ഐ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഉമ്മർ, അനൂപ് കുമാർ, അബ്ദുൾ ജബ്ബാർ എന്നിവർ ഉൾപ്പടെ എട്ട് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്.
2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവുമായി എക്സൈസ് പിടിയിലായ തിരൂർ സ്വദേശി രഞ്ജിത്ത് കസ്റ്റഡിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നായിരുന്നു എക്സൈസിന്റെ വാദം. രഞ്ജിത്തിന്റെ കസ്റ്റഡിമരണം വലിയ വിവാദമായിരുന്നു.
അന്വേഷണത്തെയും കേസിന്റെ നടത്തിപ്പിനെയും ബാധിക്കാത്ത രീതിയിൽ ഇവരെ സർവീസിലേക്ക് തിരിച്ചെടുക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ഉത്തരവിൽ തന്നെ പറയുന്നുണ്ട്. കേസിന്റെ വിചാരണ ഉൾപ്പടെയുളളവ പൂർത്തിയാകാനുണ്ട്. എന്നാൽ അന്വേഷണത്തെയോ വിചാരണയെയോ ബാധിക്കാത്ത രീതിയിൽ ഇവരെ തിരിച്ചെടുക്കണമെന്നാണ് ഉത്തരവ് വന്നിരിക്കുന്നത്.