കൊച്ചി: കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോവുകയെന്നുളളതായിരുന്നു മരംമുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്ന് കോൺഗ്രസ് നേതാവ് പി.ടി.തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും പിടിതോമസ് ആരോപിച്ചു. ചെളിക്കുണ്ടിൽ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുതെന്നും അദ്ദേഹം പറഞ്ഞു.
വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് മരം മുറിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥൻ അതിൽ വീഴ്ചവരുത്തിയാൽ, തടസ്സം നിന്നാൽ അവർക്ക് കനത്ത ശിക്ഷയുണ്ടെന്ന ഭീഷണി കൂടി ഉത്തരവിൽ ഉണ്ടായിരുന്നത് കൊണ്ട് ഇതാരും തന്നെ നോക്കിയില്ല. ഉത്തരവ് കർഷകരെ സഹായിക്കാനല്ലെന്ന് വ്യക്തമാണ്.
കർഷകരെ മറയാക്കിയ ഉത്തരവിന്റെ അവതാരലക്ഷ്യം വ്യക്തമാണ്. ആദിവാസികളുടെ 150-200 വർഷങ്ങൾ പഴക്കമുളള ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോകാനുളള അവതാരമാണ് ഈ ഉത്തരവ്. അവതാര ലക്ഷ്യം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ഉത്തരവ് പിൻവലിച്ചു. നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് പിൻവലിക്കുന്നുവെന്നാണ് പറഞ്ഞത്. ഈ കൂട്ടുത്തരവാദിത്തത്തിൽ മുഖ്യമന്ത്രി അടക്കം ജനങ്ങളോട് സമാധാനം പറയണം. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പി.ടി.തോമസ് വീണിടത്ത് കിടന്ന് ഉരുളുകയാണെന്നാണ്. എന്നാൽ എനിക്ക് മുഖ്യമന്ത്രിയോട് പറയാനുളളത് അങ്ങ് വീണത് ചെളിക്കുണ്ടിലാണ് അവിടെ കിടന്ന് ചെളി വാരിയെറിയരുത് എന്നാണ്. പി.ടി.തോമസ് പറഞ്ഞു.
Content Highlights: P T Thomas Pressmeet