തിരുവനന്തപുരം
സംസ്ഥാനത്തെ ഹോട്ടലുകളെയും റിസോർട്ടുകളെയും ആഗസ്ത് 31നകം ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷനിൽ കൊണ്ടുവരാനുള്ള നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പുരാതന മോസ്കായ മാക്വം മസ്ജിദ് പുനരുദ്ധാരണം, ലിയോ തേർട്ടീൻത് സ്കൂൾ പുനരുദ്ധാരണം, മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഗോതുരുത്തിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ അനുബന്ധ ഭാഗം നിർമിക്കൽ, ചേന്ദമംഗലത്തെ 14–-ാം നൂറ്റാണ്ടിൽ നിർമിച്ച ഹോളി ക്രോസ് പള്ളിയുടെ സംരക്ഷണം, പുരാതന മസ്ജിദായ ചേരമാൻ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണം എന്നിവ പൂർത്തിയാക്കും. തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഗുണ്ടർട്ട് ബംഗ്ലാവിൽ ഡിജിറ്റൽ ലാംഗ്വേജ് മ്യൂസിയം ഉദ്ഘാടനംചെയ്യും.
ചെല്ലാനത്ത്
നൂതന പദ്ധതി
കോസ്റ്റൽ റെഗുലേറ്ററി സോൺ ക്ലിയറൻസിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിച്ച് തുടങ്ങും. ചെല്ലാനം കടൽതീരത്തെ കടലാക്രമണം തടയാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് തുടക്കംകുറിക്കും. കടലാക്രമണ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലും ഈ പ്രവർത്തനം ആരംഭിക്കാനുള്ള പഠനം, തൃശൂർ ജില്ലയിലെ പഴയന്നൂരിൽ ഭൂരഹിത, ഭവനരഹിതർക്കായി 40 യൂണിറ്റുള്ള ഭവനസമുച്ചയം കെയർഹോം രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി കൈമാറും.
യുവസംരംഭകർക്ക് സംഘം
യുവ സംരംഭകർക്ക് 25 സഹകരണ സംഘം ആരംഭിക്കും. കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർധന, ഐടി മേഖലയിലെ ചെറുകിട സംരംഭങ്ങൾ, സേവന മേഖലയിലെ ഇവന്റ് മാനേജ്മെന്റ് പോലുള്ള സംരംഭങ്ങൾ, ചെറുകിട മാർക്കറ്റിങ് ശൃംഖലകൾ എന്നീ മേഖലകളിലായിരിക്കും. വനിതാ സഹകരണ സംഘങ്ങൾ വഴി മിതമായ നിരക്കിൽ മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങളുടെ 10 നിർമാണ യൂണിറ്റ് ആരംഭിക്കും. കുട്ടനാട്, അപ്പർ കുട്ടനാട് ആസ്ഥാനമാക്കി ഒരു സംഭരണ, സംസ്കരണ വിപണന സഹകരണ സംഘം രജിസ്റ്റർചെയ്ത് രണ്ട് ആധുനിക റൈസ് മിൽ ആരംഭിക്കും.