തിരുവനന്തപുരം
വാക്സിൻ വിതരണത്തിൽ നേട്ടംകൊയ്തു സംസ്ഥാനം. കേന്ദ്രം നൽകിയതും വാങ്ങിയതുമായ വാക്സിനേക്കാൾ 4,48,050 കൂടുതൽ ഡോസ് വാക്സിൻ കേരളം അധികമായി ഉപയോഗിച്ചു. പാഴാകാനുള്ള സാധ്യതയ്ക്ക് നൽകിയ ഡോസും ഉപയോഗപ്പെടുത്തിയാണ് ഈ നേട്ടം.
ഇതുവരെ 1,05,13,620 ഡോസ് വാക്സിനാണ് കേരളത്തിന് കിട്ടിയത്. ഇതിനൊപ്പം പാഴ്സാധ്യത കണക്കിലെടുത്ത് കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും 10 ബോട്ടിലിന് ഒരു ബോട്ടിൽ അധികവും നൽകിയിരുന്നു. ഇതാണ് കേരളം പാഴാക്കാതെ ഉപയോഗിച്ചത്. ഇതോടെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. 87,52,601 പേർക്ക് ഒന്നാം ഡോസും 22,09,069 പേർക്ക് രണ്ടാം ഡോസും നൽകി. 2011ലെ സെൻസസ് അനുസരിച്ച് 26.2 ശതമാനം പേർക്ക് ഒന്നാം ഡോസും 6.61 ശതമാനം പേർക്ക് രണ്ടാം ഡോസും വിതരണം ചെയ്തു. ഏറ്റവുമധികം വാക്സിൻ നൽകിയത് തിരുവനന്തപുരത്താണ്. 10,08,936 പേർക്ക് ഒന്നാം ഡോസ് വാക്സിനും 2,81,828 പേർക്ക് രണ്ടാം ഡോസ് വാക്സിനും ഉൾപ്പെടെ 12,90,764 ഡോസ് വാക്സിൻ.
ജനുവരി 16നാണ് സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആക്ഷൻ പ്ലാൻ രൂപീകരിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
രണ്ട്ഡോസ് എടുത്താൽ
യാത്രാ സർട്ടിഫിക്കറ്റ് വേണ്ട
രണ്ടു ഡോസ് വാക്സിൻ എടുത്തവർ യാത്ര ചെയ്യുമ്പോൾ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണിനുശേഷം സെക്രട്ടറിയറ്റിൽ കൂടുതൽ ജീവനക്കാർ എത്തുന്നതിനാൽ അവർക്ക് അടിയന്തരമായി വാക്സിൻ നൽകും. മന്ത്രിമാരുടെ സ്റ്റാഫിനും വാക്സിനേഷന് മുൻഗണന നൽകും.
വാക്സിൻ സംഭരിച്ച് വയ്ക്കാതെ വിതരണം ചെയ്യാൻ നിർദേശം നൽകി. രണ്ട് ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്. കേന്ദ്രം കൂടുതൽ വാക്സിൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പോട്ട് രജിസ്ട്രേഷൻ
പറ്റില്ല: സർക്കാർ
ആൾക്കൂട്ടത്തിന് കാരണമാകുന്നതിനാൽ, വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് തൽക്കാലം പരിഗണനയിലില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കോവിൻ പോർട്ടൽവഴി ബുക്കിങ്ങിന് തടസ്സങ്ങളുണ്ടെന്നും പുതിയ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടി വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാർ നിലപാടറിയിച്ചത്.
ശുചീകരണത്തൊഴിലാളികൾക്ക്
വേഗം നൽകും
ശുചീകരണ തൊഴിലാളികളെ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. ദിവസം ശരാശരി ഒന്നരലക്ഷംപേർക്ക് വാക്സിൻ നൽകുന്നുണ്ടെന്നും രണ്ടരലക്ഷംപേർക്ക് നൽകാൻ സർക്കാരിന് സംവിധാനമുണ്ടെന്നും ചില ദിവസങ്ങളിൽ മൂന്നു ലക്ഷംവരെ നൽകിയതായും സർക്കാർ അറിയിച്ചു.
വാക്സിന് ആഗോള ടെൻഡർ വിളിച്ചെങ്കിലും ആരും താൽപ്പര്യം അറിയിച്ചില്ലെന്ന് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. കേസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.