തിരുവനന്തപുരം
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും കുഴൽപ്പണവിവാദവും ഉലയ്ക്കുന്നതിനിടെ, കേന്ദ്രസ്വാധീനം ഉപയോഗപ്പെടുത്തി വി മുരളീധരനും കെ സുരേന്ദ്രനും നേതൃത്വത്തിൽ തുടർന്നാൽ സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് എതിർപക്ഷം. തകർച്ചയിലേക്ക് നയിച്ച സുരേന്ദ്രന്റെ നേതൃത്വം വച്ചുപൊറുപ്പിക്കാനാകില്ലെന്ന ശക്തമായ നിലപാടിലാണ് കൃഷ്ണദാസ് പക്ഷം. നേതൃമാറ്റങ്ങളുണ്ടാകുമെന്ന് കേന്ദ്ര നേതാക്കളും കോർ കമ്മിറ്റിയിൽ വി മുരളീധരനടക്കമുള്ളവരും സമ്മതിച്ചതിനെത്തുടർന്നാണ് ചില കാര്യങ്ങളിൽ ഇപ്പോൾ സഹകരിക്കുന്നത്. സ്വാധീനമുപയോഗിച്ച് തുടരാനാണ് ഭാവമെങ്കിൽ താമസിയാതെ സുരേന്ദ്രവിരുദ്ധരെ പങ്കെടുപ്പിച്ച് യോഗം ചേരാനും കൃഷ്ണദാസ് പക്ഷത്തുള്ളവർ ആലോചിക്കുന്നു.
ഒത്തുപോകില്ലെന്ന്
എതിർപക്ഷം
ബിജെപിയുടെ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തി പാർടിയുടെ വളർച്ച മുരടിപ്പിച്ച സംസ്ഥാന അധ്യക്ഷനെ വച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് കൃഷ്ണദാസ്,- ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ നേരത്തേ കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ഇപ്പോൾ ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് വീണ്ടും കത്തയച്ചു. സുരേന്ദ്രനെതിരെ നാൽപ്പതോളം പരാതികളാണ് കേന്ദ്ര നേതൃത്വത്തിന് പാർടിയിൽനിന്ന് ലഭിച്ചത്.
പണം കൊടുത്തുവിട്ടത് കേന്ദ്ര നേതാക്കൾ അറിഞ്ഞാണെങ്കിലും അത് സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിലുള്ള രോഷം നഡ്ഡയടക്കമുള്ളവർക്കുണ്ട്. പക്ഷേ, സുരേന്ദ്രനെ ഉടനടി മാറ്റാനും ഭയം. പാർടിയിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്ന വാർത്തകളാണ് പ്രശ്നമെന്നാണ് മുരളീധരൻ കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചത്. ഒറ്റക്കെട്ടായി പ്രവർത്തിച്ച് കാണിക്കാൻ അവിടെനിന്ന് ആവശ്യപ്പെട്ടത് ഇതേത്തുടർന്നാണ്. ഈ അവസരം ഉപയോഗിച്ച് കൃഷ്ണദാസ് പക്ഷത്തിന്റെ പരാതികളെ മറികടക്കാനുള്ള തന്ത്രമാണ് മുരളീധരനും സുരേന്ദ്രനും പയറ്റുന്നത്. പ്രതിസന്ധികൾക്കിടയിൽ നേതൃമാറ്റം ഉചിതമാകുമോയെന്ന സംശയം ദേശീയ നേതൃത്വത്തിനുണ്ടായതും അങ്ങനെയാണ്.
അതിനിടെ, സഹായത്തിനായി സുരേന്ദ്രൻ പല നേതാക്കളെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. കേന്ദ്രമന്ത്രി മുരളീധരന്റെ വെള്ളിയാഴ്ചത്തെ വയനാട് സന്ദർശനത്തിൽനിന്ന് കൃഷ്ണദാസ് വിഭാഗം നേതാക്കൾ വിട്ടുനിന്നു. എം ടി രമേശിന്റെയടക്കം പേരുകൾ നേരത്തേ നൽകിയ അറിയിപ്പിലുണ്ടായിരുന്നു.
ബിജെപി സംഘടനാ
ജോ. സെക്രട്ടറി ‘അവധി’യിൽ
ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പ്രതിഷേധിച്ച് സംഘടനാ ജോ. ജനറൽ സെക്രട്ടറി പാർടി പ്രവർത്തനത്തിൽ നിന്ന് പിന്മാറി. കെ സുഭാഷാണ് മാസങ്ങളായി ബിജെപി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ആർഎസ്എസ് ചുമതലപ്പെടുത്തിയ സുഭാഷ് ഡിസംബർ മുതൽ പ്രവർത്തനങ്ങളിലില്ല. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ശൈലിയോട് ഇദ്ദേഹം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് ഇത് രൂക്ഷമായി. ചികിത്സക്കായി അവധിയെന്നാണ് പാർടിക്കുള്ളിൽ നൽകിയ വിശദീകരണം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലും പങ്കാളിയായില്ല.