തിരുവനന്തപുരം
വൻ തൊഴിലവസരങ്ങളും അടിസ്ഥാന വികസന മേഖലയിൽ കൂടുതൽ പദ്ധതികളുമുൾപ്പെടുത്തി സംസ്ഥാന സർക്കാർ നൂറുദിന പരിപാടി പ്രഖ്യാപിച്ചു. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണിവ. പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലായി 2464.92 കോടിയുടെ പരിപാടിയാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
20 ലക്ഷം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കും. നൂറുദിനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരം സൃഷ്ടിക്കും. വെള്ളിയാഴ്ച ആരംഭിച്ച നൂറുദിന പരിപാടി സെപ്തംബർ 19 വരെയാണ്.
● ദുർബല വിഭാഗങ്ങൾക്ക് 20,000 ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (എഡിഎസ്) വഴി 200 കോടി രൂപയുടെ ധനസഹായം
● 1000ൽ 5 പേർക്ക് തൊഴിലിനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കും
● റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുന്ന 945.35 കോടി രൂപയുടെ 9 റോഡ്
പ്രവൃത്തി
● ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസ് തിരുവനന്തപുരത്ത്
● 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതി ഉദ്ഘാടനം
●വ്യവസായ സംരംഭകർക്ക് ഭൂമി ലീസിൽ അനുവദിക്കാൻ ഏകീകൃത നയം
● കുട്ടനാട് ബ്രാൻഡ് അരി മിൽ
● ഉയർന്ന ഉൽപ്പാദനശേഷിയുള്ള 10 ലക്ഷം കശുമാവിൻതൈ നൽകും
● കാഷ്യൂ ബോർഡ് 8000 മെട്രിക് ടൺ കശുവണ്ടി ലഭ്യമാക്കി 100 തൊഴിൽദിനം സൃഷ്ടിക്കും
● 100 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് കോംപ്ലക്സ്
● ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവൻസ് ഭക്ഷ്യക്കിറ്റായി നൽകും
● പ്രവാസികൾക്കായി 100 കോടി രൂപയുടെ കെഎസ്ഐഡിസി വായ്പ പദ്ധതി
● പഴയന്നൂരിൽ 40 യൂണിറ്റുള്ള ഭവനസമുച്ചയം കൈമാറും
● യുവ സംരംഭകർക്കായി 25 സഹകരണ സംഘം
● വനിതാ സഹകരണ സംഘങ്ങൾവഴി കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങളുടെ 10 നിർമാണ യൂണിറ്റ്
● 10,000 രൂപ നിരക്കിൽ സ്മാർട്ട്ഫോണിന് പലിശരഹിത വായ്പ നൽകും
● കെഎസ്ആർടിസി സ്റ്റാൻഡുകളിൽനിന്ന് വീടുകളിൽ എത്തിക്കുന്ന ഇ–-ഓട്ടോറിക്ഷാ ഫീഡർ സർവീസ്
● തീരദേശ ഷിപ്പിങ് സർവീസ് ബേപ്പൂരിൽനിന്ന് കൊച്ചിവരെയും കൊല്ലത്തുനിന്ന് കൊച്ചിവരെയും