കൊല്ക്കത്ത> ബംഗാളില് ബിജെപിക്ക് വന് പ്രഹരമേല്പ്പിച്ച് ദേശീയ വൈസ് പ്രസിഡന്റും പ്രമുഖ നേതാവുമായ മുകുള് റോയ് തൃണമൂല് കോണ്ഗ്രസില് ചേര്ന്നു. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി നേതൃത്വവുമായി അകലം പാലിച്ച മുകുള് വെള്ളിയാഴ്ച തൃണമൂല് ഭവനിലെത്തി മമത ബാനര്ജി, അഭിഷേക്ക് ബാനര്ജി മറ്റ് നേതാക്കള് എന്നിവരുമായി ദീര്ഘ നേരം ചര്ച്ച നടത്തിയ ശേഷമാണ് തൃണമൂലില് വീണ്ടും ചേരുന്നതായി പ്രഖ്യാപിച്ചത്.
മുകിളിനോടൊപ്പം മകന് ശഭ്രാംശു റോയിയും ബിജെപി വിട്ട് തൃണമൂലില് ചേര്ന്നു. അഭിഷേക് ബാനര്ജി ഉത്തരീയമണിയിച്ചാണ് മുകുളിനെ സ്വീകരിച്ചത്. മമതയും അഭിഷേകുമായുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടര്ന്ന് 2017 നവംബറിലാണ് മുകുള് തൃണമൂല് വിട്ട് ബിജെപിയില് ചേര്ന്നത്.
ബിജെപിയുമായി യോജിച്ച് പോകാന് കഴിയാത്തതിനാലണ് മമത ബാര്ജിയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ട് പഴയ പാര്ടിയിലേക്ക് തിരികെ വരുന്നതെന്ന് മുകുള് പറഞ്ഞു. സന്തോഷമുണ്ട്. തൃണമൂല് വിട്ട് ബിജെപിയില് ചേര്ന്ന നിരവധി നേതാക്കളും പ്രവര്ത്തകരും തിരികെ വരുമെന്നും മുകുള് അറിയിച്ചു. ബിജെപി സാധാരണക്കാരുടെ പാര്ടിയല്ല, ജമിന്ദാര് പാര്ടിയാണെന്നും അവിടെ ആര്ക്കും തുടരാന് കഴിയില്ലെന്നുും മുകുളിനെ സ്വാഗതം ചെയ്ത് മമത പറഞ്ഞു.
മുകുള് പാര്ടിയിലെ പഴയ നേതാവാണ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ഉത്തര കൃഷ്ണ നഗര് മണ്ഡലത്തില് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അതിനു ശേഷം അകലം പാലിക്കുകയായിരുന്നു. നിയമസഭാ പ്രതിപക്ഷ നേതാവ് പദവി ആഗ്രഹിച്ചിരുന്നെങ്കിലും മമതയെ നന്ദിഗ്രാമില് പരാജയപ്പെടുത്തിയ സുവേന്ദു അധികാരിക്കാണ് അത് ലഭിച്ചത്.
കേന്ദ്ര നേതൃത്വം തന്നേക്കാള് അധികാരിക്ക് കൂടുതല് പ്രധാന്യം നല്കുന്നതായി മനസസലാക്കിയ റോയ് തുടര്ന്ന് യോഗങ്ങളിലും പരിപാടികളില് നിന്നും വിട്ടുനിന്നു. തുടര്ന്നാണ് തൃണമൂലിലേക്ക് തിരികെയെത്താനുള്ള കരുക്കള് നീക്കിയത്. മുകുള് തൃണമൂലുമായി വീണ്ടും അടുക്കുന്നത് തടയാന് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ബംഗാളില് ബിജെപിയ്ക്ക് മുന്നേറ്റമുണ്ടാക്കുന്നതിന് മുകുള് പ്രധാന പങ്കാണ് വഹിച്ചത്.തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല് വിട്ട് ബിജെപിയിലേക്ക് കുടിയേറിയ രാജീവ് ബാനര്ജി, സവ്യാചി മുഖര്ജി തുടങ്ങിയ പ്രമുഖ നേതാക്കളും മുന് മന്ത്രിമാരും എംഎഎല്എ മാരുമുള്പ്പടെ നിരവധി പേര് തിരകെ തൃണമൂലിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. തിരികെ വരാന് ആഗ്രഹിക്കുന്നവരെ സൂഷ്മ പരിശോധനയ്ക്ക് ശേഷം തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് മമത അറിയിച്ചു.