ഗ്രൂപ്പുകളുടെ ഭാഗമായുള്ള പ്രവർത്തനം ഇനി കോൺഗ്രസിൽ നടക്കില്ല. ഇതായിരിക്കും തൻ്റെ പ്രധാന ലക്ഷ്യം. അഭിപ്രായങ്ങൾ വ്യക്തമാക്കാൻ ഗ്രൂപ്പുകളുടെ ആവശ്യമില്ല. ഗ്രൂപ്പുകളുടെ ശുപാർശകൾ അംഗീകരിക്കില്ല. ഗ്രൂപ്പിൻ്റെ അംഗസംഖ്യ വർദ്ധിപ്പിക്കാനാണ് ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി ഇതുവരെ തുടർന്നുവന്നത്. സംഘടനാപരമായി നേരിടുന്ന ദൗർബല്യം പരിഹരിക്കും. പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
ജനങ്ങൾ കോൺഗ്രസിൽ നിന്ന് അകന്ന് പോയ സാഹചര്യമാണ് നിലവിലുള്ളത്. കോൺഗ്രസിനെ ഒരു സെമി കേഡർ സംവിധാനത്തിലുള്ള പാട്ടിയാക്കാനാണ് ശ്രമം നടത്തുന്നത്. ഓരോ ജില്ലയിലെ അഞ്ച് അംഗം സമിതി രൂപീകരിച്ച് ഡിസിസി പുനഃസംഘടനയ്‌ക്ക് ആവശ്യമായ പ്രവർത്തനം നടത്തുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
കൊവിഡ് സാഹചര്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. അദ്ദേഹത്തിന് അനുഗ്രഹമായിരുന്നു കൊവിഡ്. കൊലക്കേസ് പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രി ആകാമെങ്കിൽ സി പി എമ്മിന് കുഞ്ഞനന്തൻ്റെ ചരമദിനം ആചരിക്കാമെന്നും സുധാകരൻ പരിഹസിച്ചു. മുട്ടിൽ മരം മുറി നടന്ന സ്ഥലത്ത് താനോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ സന്ദർശനം നടത്തും. നിയമലംഘനത്തിൽ സമരം ഏറ്റെടുക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.