തിരുവനന്തപുരം > കോവിഡ് കാലത്ത് കേരളത്തിന്റെ പ്രവര്ത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന് പൊതുവിദ്യാഭ്യാസ -തൊഴില് വകുപ്പ് മന്ത്രി വി ശിവന്കുട്ടി. വിദ്യാഭ്യാസ മേഖലക്ക് കോവിഡ് കടുത്ത പ്രതിസന്ധിയുണ്ടാക്കി. എന്നാല് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്ത്തനങ്ങളില് സമൂഹത്തിലെ സമസ്ത മേഖലയും പങ്കാളികള് ആയി. പ്രോട്ടോകോള് പാലിച്ചുകൊണ്ട് പ്രവേശനോത്സവം നടത്താന് ആയി. അധ്യാപകരും വിദ്യാര്ഥികളും നേരില് കണ്ടുള്ള പഠനം തടസമില്ലാതെ സാധ്യമാക്കാനുള്ള മാര്ഗങ്ങള് ആണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാവര്ക്കും തടസമില്ലാതെ ഡിജിറ്റല് – ഓണ്ലൈന് പഠനം സുഖമമാക്കാന് സര്ക്കാര് ഇന്റര്നെറ്റ് പ്രൊവൈഡേഴ്സിന്റെ യോഗം വിളിച്ചിരുന്നു. സര്ക്കാരിന്റെ നിലപാടുകളെ എല്ലാവരും പിന്തുണക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് 19നെതിരായ ചെറുത്തുനില്പ്പിനായി കുടുംബശ്രീ യൂണിറ്റുകള്ക്ക് മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായ കോവിഡ് വായ്പ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ ചടങ്ങ് ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി. ഓണ്ലൈന് പഠനത്തിന് കുട്ടികള്ക്ക് പഠനോപകരണങ്ങള് ലഭ്യമാക്കാനുള്ള ‘മുണ്ട് ചലഞ്ച് ‘-ലും മന്ത്രി പങ്കാളി ആയി.ഗതാഗത മന്ത്രി ആന്റണി രാജുവും ചടങ്ങില് പങ്കെടുത്തു.മേയര് എസ് ആര്യ രാജേന്ദ്രന് അധ്യക്ഷ ആയിരുന്നു.