തിരുവനന്തപുരം: വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ മരംമുറികേസിലെ പ്രതികൾ കണ്ടെന്നുളള ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി. പ്രതികളെ 2020 ൽ താൻ കണ്ടുവെന്ന് സമ്മതിച്ച മന്ത്രി മാംഗോ മൊബൈൽ ഫോണിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് പ്രതികൾ എത്തിയതെന്നും വ്യക്തമാക്കി.
വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യാനുളള താല്പര്യം അറിയിച്ചാണ് അതിന്റെ ഉടമകൾ സമീപിച്ചത്. എന്നാൽ അത് തീരുമാനിക്കേണ്ടത് താനല്ലെന്ന് അവരോട് വ്യക്തമാക്കിയിരുന്നു. അവരിൽ നിന്ന് നിവേദനം സ്വീകരിക്കുന്ന സമയത്തെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും തനിക്ക് അവരുമായി മറ്റ്ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ആദ്യകാലത്ത് തന്നെ സർക്കാരിന് വനംകൊളളയുമായി ബന്ധമുണ്ടെന്ന്വരുത്തിതീർക്കാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ശശീന്ദ്രൻ ആരോപിച്ചു. വനഭൂമിയിൽ നിന്ന് ഒരടിനീളമുളള വൃക്ഷം പോലും നഷ്ടപ്പെട്ടിട്ടില്ല. റവന്യൂഭൂമിയിൽ നിന്നാണ് മരംമുറി നടന്നിരിക്കുന്നതെന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ തെറ്റായി പ്രവർത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കൊളളയ്ക്ക് കൂട്ടുനിന്നവരെ ശിക്ഷിക്കാനുളള നടപടികൾ കർശനമായും സ്വീകരിക്കും. സത്യസന്ധത ബോധ്യപ്പെട്ടിട്ടും ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കുറിച്ചുളള ചോദ്യത്തിന് മരംമുറി കേസിൽ ഇപ്പോൾ ഒരു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ അന്വേഷണത്തിന്റെ നിഗമനങ്ങൾ തൃപ്തികരമല്ലെങ്കിൽ മറ്റൊരു അന്വേഷണത്തിലേക്ക് പോകുന്നത് ആലോചിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അന്വേഷണം കാലതാമസമെടുക്കുമെങ്കിൽ വേഗത്തിലാക്കാനുളള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥന് കൈക്കൂലി കൊടുത്തത് സംബന്ധിച്ച് വനംവകുപ്പിന് അന്വേഷിക്കാനാകുമോ എന്നറിയില്ല. അതേക്കുറിച്ചുളള സാധ്യതകൾ പരിശോധിക്കും
ഡിഎഫ്ഒ ധനേഷിനെ മരംമുറിയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിൽ നിന്ന് മാറ്റിയിട്ടില്ലെന്ന് വനംമന്ത്രി വ്യക്തമാക്കി. ധനേഷ് കുമാറിന് തൃശ്ശൂർ-എറണാകുളം ജില്ലകളുടെ ചുമതലകളാണ് നൽകിയിരിക്കുന്നത്. മരംമുറി കേസുമായി ബന്ധപ്പെട്ട് ഒരു പ്രത്യേകസംഘത്തെ രൂപീകരിക്കാനാണ് പറഞ്ഞിരിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നവർ ഒരു കാരണവശാലും അവർക്ക് ബന്ധമുളള അതാത് ജില്ലകളിൽ ഉണ്ടാകാൻ പാടില്ല. അതിനനുസരിച്ചാണ് അന്വേഷണസംഘത്തിൽ മാറ്റം വരുത്തിയതെന്നും വനംമന്ത്രി പറഞ്ഞു. എന്നാൽ സദുദ്ദേശപരമായ ഈ തീരുമാനത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:Minister A K Saseendran Pressmeet