തിരുവനന്തപുരം
ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ കോഴ്സുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. കോവിഡായതിനാൽ, യുജിസിയുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ പോർട്ടൽ ഇതുവരെ തുറന്നിട്ടില്ല. ഇവിടെ സമർപ്പിക്കാൻ 20 ബിരുദ കോഴ്സുകളുടെയും ഏഴ് ബിരുദാനന്തര ബിരുദ കോഴ്സുകളുടെയും കരിക്കുലവും സിലബസും തയ്യാറാക്കിയിട്ടുണ്ട്. പോർടൽ തുറന്നാൽ സമർപ്പിച്ച് അംഗീകാരം നേടി കോഴ്സുകൾ ആരംഭിക്കും. ഏതെങ്കിലും തടസ്സം നേരിട്ടാൽ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്താനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഓപ്പൺ സർവകലാശാലയിൽ കോഴ്സ് തുടങ്ങിയില്ലെന്ന് കാട്ടി യുഡിഎഫിലെ കെ ബാബു നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. റഗുലറായി പഠിക്കാനാകാത്തവർക്ക് മികച്ച കോഴ്സ് നൽകാനാണ് ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങിയത്. റഗുലർ പ്രവേശനത്തിനുശേഷമേ വിദൂര വിദ്യാഭ്യാസ രജിസ്ട്രേഷൻ ആരംഭിക്കൂ. അതിനുമുമ്പ് യുജിസി പോർട്ടൽ തുറക്കുമെന്ന് പ്രതീക്ഷിക്കാം. പോർട്ടൽ തുറക്കാൻ തടസ്സം നേരിട്ടാൽ എംജി, കലിക്കറ്റ് സർവകലാശാലകളിലേന്നതുപോലുള്ള ക്രമീകരണമുണ്ടാക്കും.
യുജിസി അംഗീകാരം കിട്ടാൻ വിസിയെയും രജിസ്ട്രാറെയും നിയമിക്കണം. ആ നിയമന ഉത്തരവ് അടക്കംവേണം താൽക്കാലിക അംഗീകാരത്തിന് അപേക്ഷിക്കാൻ. മന്ത്രിയുടെ മറുപടിയോടെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. എന്നാൽ, പ്രതിപക്ഷം വാക്കൗട്ട് നടത്തിയില്ല.