കോഴിക്കോട്
ബിജെപിയുടെ ചില സ്ഥാനാർഥികൾക്ക് ഫണ്ട് കിട്ടിയത് തെരഞ്ഞെടുപ്പിന് ശേഷമെന്ന് പരാതി. വാഗ്ദാനംചെയ്ത ഫണ്ട് കിട്ടാത്തത് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് തുക നൽകിയത്. കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ നേതാവാണ് പരാതിക്കാരിൽ പ്രമുഖൻ. തെരഞ്ഞെടുപ്പ് കമീഷന് കണക്ക് നൽകേണ്ട അവസരത്തിലും ഫണ്ട് പൂർണമായി ഇദ്ദേഹത്തിന് നൽകിയില്ല. തുടർന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ നിരന്തരം ബന്ധപ്പെട്ടു. ഫലം വന്നശേഷമാണ് ഫണ്ട് പൂർണമായി നൽകിയത്. തെരഞ്ഞെടുപ്പ് കമീഷൻ അക്കൗണ്ട് വിശദാംശം പരിശോധിച്ചാൽ കുടുങ്ങുമെന്ന ഭീതിയിലായ സ്ഥാനാർഥി, തട്ടിപ്പ് അന്വേഷിക്കാൻ കേന്ദ്രനേതൃത്വം നിയോഗിച്ച നേതാക്കളെ വിശദാംശം ധരിപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പുൾപ്പെടെ അന്വേഷിച്ച സി വി ആനന്ദബോസ്, ഇ ശ്രീധരൻ, ജേക്കബ്തോമസ് എന്നിവർക്കും നിരവധി പരാതി കിട്ടി. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച നേതാവും ഫണ്ട് കിട്ടാതെ കടക്കാരനായെന്ന് വിലപിക്കുന്നുണ്ട്. ബിജെപി സ്ഥാനാർഥികളുടെ ബാങ്ക് ഇടപാട് വിശദാംശം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചാൽ തട്ടിപ്പ് വ്യക്തമാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം പലരുടെയും അക്കൗണ്ടിലേക്ക് വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ സമഗ്രമായി അന്വേഷിച്ചാൽ നിരവധി സ്ഥാനാർഥികൾ ‘പെടു’മെന്നാണ് ബിജെപിയിലെ ഒരുവിഭാഗം നേതാക്കളടക്കം പറയുന്നത്.















