കണ്ണൂർ
സിപിഐ എം നേതാവ് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നാരോപിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തെളിവ് പുറത്തുവിടണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർടി(ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ഇത് ഉണ്ടയില്ലാവെടിയാണ്. കൂടിക്കാഴ്ചയുടെയോ ഫോൺസംഭാഷണത്തിന്റെയോ തെളിവ് കാണിക്കണം. സി കെ ജാനുവിനെ എൻഡിഎയിലെത്തിക്കാൻ പത്ത് ലക്ഷം രൂപ നൽകിയെന്നതടക്കം താൻ സുരേന്ദ്രനെതിരെ പറഞ്ഞത് വെറും ആരോപണമല്ല, വസ്തുതയാണ്. പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല.
ജെആർപിയെ ഘടകകക്ഷിയാക്കാൻ എല്ലാ മുന്നണിയെയും സമീപിച്ചിട്ടുണ്ട്. പ്രതികരിച്ചത് സുരേന്ദ്രൻമാത്രമാണ്. ജാനു ആ സമയം ജെആർപിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.
ജാനുവിനെ സഹകരിപ്പിക്കാനും എൻഡിഎയുടെ ഭാഗമാക്കാനും പാർടി ചുമതലപ്പെടുത്തിയതുകൊണ്ടാണ് താൻ സുരേന്ദ്രനുമായി ചർച്ചനടത്തിയത്. സുൽത്താൻ ബത്തേരിയിലെ പ്രാദേശിക ബിജെപി നേതൃത്വം ജാനുവിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചിരുന്നില്ല. സുരേന്ദ്രൻ ഇടപെട്ടശേഷമാണ് അവർ പ്രചാരണത്തിനിറങ്ങിയതെന്നും പ്രസീത പറഞ്ഞു.















