ബാങ്കോക്ക്
മ്യാന്മറിലെ ജനാധിപത്യ നേതാവ് ഓങ് സാന് സുചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി പട്ടാള ഭരണകൂടം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് റിയല് എസ്റ്റേറ്റ് ഇടപാടിലൂടെ സ്വര്ണവും അരലക്ഷത്തിലധികം ഡോളറും സ്വീകരിച്ചു എന്നാണ് കേസ്. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം കസ്റ്റഡിയിലായ സുചിക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉള്പ്പെടെ ചുമത്തിയിരുന്നു. കൊളോണിയല് കാലത്തെ രഹസ്യ നിയമം ലംഘിച്ചു, കോവിഡ് മാനദണ്ഡങ്ങള് പാലിച്ചില്ല തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഏതെങ്കിലും കുറ്റത്തില് ശിക്ഷിക്കപ്പെട്ടാല് സുചിക്ക് തെരഞ്ഞെടുപ്പില് മത്സരിക്കാനാകില്ല.
പട്ടാളഭരണകൂടത്തിന് കീഴില് മ്യാന്മറില് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും ഇത് ഭയന്ന് നിരവധി ആളുകള് സ്വദേശം വിട്ടുപോകുന്നുണ്ടെന്നും യുഎന് വിദഗ്ധന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൈനിക നടപടികളില് 850ഓളം പേര് ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പട്ടിണി മരണങ്ങളും അസുഖങ്ങളും മറ്റും ഭയന്ന് കയ സംസ്ഥാനത്തുനിന്ന് മാത്രം ഒരു ലക്ഷത്തിലധികം ആളുകള് പലായനം ചെയ്തു. സൈന്യത്തിന്റെ നടപടികള്ക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും യുഎന്നിന്റെ പ്രത്യേക ദൂതന് ടോം അന്ഡ്രൂസ് പറഞ്ഞു.