തൃശ്ശൂർ: യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയശേഷം ഒളിവിൽപോയ മാർട്ടിൻ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പീഡനത്തിന്റെ നടുക്കുന്ന വിവരങ്ങൾ യുവതിയുടെ സുഹൃത്തുക്കളടക്കം വെളിപ്പെടുത്തിയപ്പോഴും കേസിലെ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മാർട്ടിന്റെ സുഹൃത്തുക്കളെയടക്കം പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മാർട്ടിന്റെ ഒളിത്താവളം പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്. തൃശ്ശൂർ മുണ്ടൂർ ഭാഗത്ത് വീടിന്സമീപത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്ത് തന്നെയാണ് മാർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.
എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാൾ കാക്കനാട്ടെ ഫ്ളാറ്റിൽനിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടർന്ന് ചതുപ്പ് പ്രദേശത്ത് ഒളിവിൽ കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. മാർട്ടിൻ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടിൽ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇയാൾ തൃശ്ശൂരിൽ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്ളാറ്റിൽവെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാർട്ടിൻ ജോസഫിനെ പോലീസ് പിടികൂടിയത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.
യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്ളാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
മാർട്ടിൻ ജോസഫ് എറണാകുളം സി.ജെ.എം. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും പോലീസ് ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ജാമ്യഹർജി തള്ളിയ അന്നുതന്നെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. മേയ് 31-ന് ഹൈക്കോടതിയിൽ പ്രതി നൽകിയ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Content Highlights:Woman locked up in Kochi flat Crime Beat Martin Joseph