കൊച്ചി > ആര്എസ്എസ് അജന്ഡ നടപ്പാക്കി ലക്ഷദ്വീപിനെ തുറന്ന ജയിലാക്കിമാറ്റാനുള്ള കേന്ദ്രസര്ക്കാര് നീക്കം അനുവദിക്കില്ലെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് പറഞ്ഞു. ദ്വീപിന്റെ തനതുസംസ്കാരവും വിശ്വാസങ്ങളും ഇല്ലാതാക്കാനുള്ള പരിഷ്കാരങ്ങള്ക്കെതിരെ വെല്ലിങ്ടണ് ഐലന്ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫീസിനുമുന്നില് എല്ഡിഎഫ് എംപിമാര് നടത്തിയ ധര്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചത് രാജ്യത്തെ പാര്ലമെന്ററി സംവിധാനത്തെ അവഹേളിക്കലാണെന്നും അതിനെതിരെ ശക്തമായ തുടര്പ്രക്ഷോഭങ്ങള് ഉയരുമെന്നും ധര്ണയില് പങ്കെടുത്ത എംപിമാര് പറഞ്ഞു.
ലക്ഷദ്വീപില് നടപ്പാക്കുന്നത് കേന്ദ്രസര്ക്കാരിന്റെ നയങ്ങളാണെന്ന് എ വിജയരാഘവന് പറഞ്ഞു. ദ്വീപുജനതയുടെ ജനാധിപത്യാവകാശങ്ങള്ക്കും തനതുസംസ്കാരത്തിനും വിശ്വാസങ്ങള്ക്കും നേരെയുള്ള കടന്നുകയറ്റമാണത്.
കേന്ദ്രഭരണപ്രദേശങ്ങളില് ഏറ്റവും വലിയ തൊഴില്ദാതാവാകേണ്ടത് കേന്ദ്രസര്ക്കാരാണ്. എന്നാല്, ഉള്ള തൊഴില്പോലും ഇല്ലാതാക്കുകയാണ്. കേരളവുമായുള്ള ബന്ധം വിച്ഛേദിച്ച് അവരെ ഒറ്റപ്പെടുത്താന് ശ്രമിക്കുന്നു. കാവിവല്ക്കരണവും കോര്പറേറ്റുവല്ക്കരണവുമാണ് ലക്ഷ്യം. ദൈനംദിനജീവിതം തകര്ക്കുന്ന പരിഷ്കാരങ്ങളിലൂടെ ലക്ഷദ്വീപിനെ തുറന്ന ജയിലാക്കിമാറ്റാന് അനുവദിക്കില്ല. അവരുടെ ഭരണഘടനാപരമായ അവകാശങ്ങള് സംരക്ഷിക്കണമെന്നും വിജയരാഘവന് പറഞ്ഞു.
എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എ എം ആരിഫ്, എം വി ശ്രേയാംസ് കുമാര്, വി ശിവദാസന്, ജോണ് ബ്രിട്ടാസ്, കെ സോമപ്രസാദ്, തോമസ് ചാഴികാടന് എന്നിവര് പ്ലക്കാര്ഡുമേന്തി ധര്ണയില് പങ്കെടുത്തു.