കൊച്ചിയിൽ നടന്ന മാംഗോ മൊബൈൽ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചെന്നായിരുന്നു പിടി തോമസിന്റെ ആരോപണം. മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന്റെ അവതരണത്തിനിടെയായിരുന്നു പിടി തോമസിന്റെ പരാമർശം.
പിടി തോമസ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു. 2016 ഫെബ്രുവരിയിലാണ് മാംഗോ കേസ് പ്രതികൾ അറസ്റ്റിലാകുന്നത്. അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. പിടി തോമസ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, “2017 ജനുവരി 22 ലെ മാംഗോ മൊബൈലിന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടന ചടങ്ങ് ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഇതിനു ശേഷം പാർട്ടി മുഖപത്രത്തിൽ പരസ്യം വന്നതിനു ശേഷം ഒരാൾക്ക് സൗഹാര്‍ദ്ദപരമായി കൈ കൊടുക്കുന്നതിൽ എന്തെങ്കിലും അര്‍ത്ഥമുണ്ടെയെന്ന് കേരളം ചിന്തിക്കട്ടെ,” പിടി തോമസ് ആരോപിച്ചു.
ഉദ്ഘാടന ചടങ്ങിനായി 2017 ജനുവരി 21ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിച്ചു. 22ന് രാവിലെ ഒമ്പത് മണിക്ക് നിശ്ചയിച്ച ഉദ്ഘാടനം ഇന്റലിജൻസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മാറ്റിവെച്ചെന്നും പിടി തോമസ് ആരോപിച്ചു.