ന്യൂഡല്‍ഹി: ഏത് ഫോര്‍മാറ്റിലും ഓരേ ശൈലി. ബൗളര്‍മാരുമായി സന്ധിയില്ല. മോശമോ, നല്ലതോ ആയ പന്തുകളെ നേരിടുന്നതില്‍ വേര്‍തിരിവ് ഇല്ല. അങ്ങനെ സവിശേഷതകള്‍ ഏറെയാണ് വിരേന്ദര്‍ സേവാഗിന്റെ ബാറ്റിങ്ങിന്. 14 വര്‍ഷം നീണ്ടു നിന്ന കരിയറില്‍ അപകടകാരിയായ ഓപ്പണര്‍ എന്ന പട്ടം നേടാനായി താരത്തിന്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം മറുവശത്തുണ്ടായിട്ടും ശോഭകെട്ടു പോകാത്ത ശൈലി.
എന്നാല്‍ സേവാഗിന്റെ ബാറ്റിങ് ശൈലിക്ക് ഒരുപാട് അപാകതകള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചും, ഫുട് വര്‍ക്കിന്റെ കാര്യത്തില്‍. വളരെ മികവോടെ കരിയറില്‍ മുന്നേറുമ്പോളും, സഹതാരങ്ങളും, പരിശീലകരും സേവാഗിനെ പോരായ്മകളെക്കുറിച്ച് മനസിലാക്കി കോടുത്തിരുന്നു. ഇത് സംബന്ധിച്ച് സേവാഗ് തന്നെയാണ് വെളിപ്പെടുത്തിയത്.
“ക്രിക്കറ്റ് കരിയറിന്റെ തുടക്കകാലത്ത് നിരവധി വിദഗ്ധരും കളിക്കാരും എന്റെ പുട് വര്‍ക്കിന്റെ പോരായ്മകളെ ചൂണ്ടിക്കാണിച്ച് തന്നിരുന്നു. പക്ഷെ അത് ശരിയാക്കിയെടുക്കാന്‍ ആര്‍ക്കും വ്യക്തമായൊരു ഉപദേശം നല്‍കാന്‍ സാധിച്ചിരുന്നില്ല,” ക്രിക്കറ്റ് പരിശീലനത്തിനായി തയാറാക്കിയ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്യുന്നതിനിടെ സേവാഗ് പറഞ്ഞു.
Also Read: ‘ബാറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നിയില്ല’: നെറ്റ്സിൽ ധോണിക്ക് ബോൾ ചെയ്തതോർത്ത് നോർജെ
പോരായ്മകള്‍ പരിഹരിക്കാന്‍ സ്വയം ഒരുപാട് സമയം കണ്ടെത്തിയതായും സേവാഗ് പറഞ്ഞു. എന്നാല്‍ മൂന്ന് മുന്‍താരങ്ങളുടെ ഉപദേശമാണ് ശെരിക്കും സഹായകമായതെന്നാണ് താരം ഉറച്ചു വിശ്വസിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ടൈഗര്‍ പട്ടോടി, സുനില്‍ ഗവാസ്കര്‍, ക്രിസ് ശ്രീകാന്ത് എന്നിവരാണ് സേവാഗിന് പുതിയ വിദ്യ പറഞ്ഞു കൊടുത്തവര്‍.
“എന്റെ ഫുട് വർക്കിനെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം ലെഗ് സ്റ്റമ്പിൽ നിന്ന് ബാറ്റ് ചെയ്യുന്നതിന് പകരം മിഡിൽ അല്ലെങ്കിൽ ഓഫ് സ്റ്റമ്പിൽ നില ഉറപ്പിക്കണമെന്ന് അവർ എന്നോട് പറഞ്ഞു. ഇത് പന്തിനെ കൂടുതല്‍ അടുത്ത് നേരിടുന്നതിന് സഹായിച്ചു. എന്റെ കളിയും മെച്ചപ്പെട്ടു,” സേവാഗ് വ്യക്തമാക്കി. മുതിര്‍ന്ന താരങ്ങളുടേയും പരിശീലകരുടേയും സഹായം എത്രത്തോളം ഒരു കളിക്കാരനെ മികച്ചതാക്കാന്‍ സാധിക്കുമെന്നതും സേവാഗ് ചൂണ്ടിക്കാണിച്ചു.
The post ഗവാസ്കറുടെയും കൂട്ടരുടേയും വിദ്യ ഫലം കണ്ടു; ബാറ്റിങ് മെച്ചപ്പെട്ടതിനെക്കുറിച്ച് സേവാഗ് appeared first on Indian Express Malayalam.