കൊല്ലം: ചാത്തന്നൂരിലും കുഴൽപ്പണം ഒഴുക്കിയെന്നആരോപണവുമായി യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സ്ഥാനാർഥി ബി.ബി. ഗോപകുമാർകോടികളാണ് മണ്ഡലത്തിൽ ചെലവാക്കിയത്. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ധൂർത്താണ് നടന്നിട്ടുള്ളതെന്നും ഇതിൽ അന്വേഷണം വേണമെന്നും യു.ഡി.എഫ്. പരവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായിരുന്നു ചാത്തന്നൂർ. ബി.ജെ.പി. ഓരോ എ ക്ലാസ് മണ്ഡലങ്ങളിലും അഞ്ച് കോടി രൂപ വരെ കൊടുത്തിട്ടുണ്ട്. ചാത്തന്നൂരിലെ ഒരു ബൂത്തിൽ മാത്രം 90,000 രൂപയാണ് കൊടുത്തിട്ടുള്ളത്. ആധുനിക രീതിയിൽശീതീകരിച്ച, 200-ലധികം പേർക്ക് ഇരിക്കാവുന്ന രീതിയിലുള്ള ഓഫീസായിരുന്നു ക്രമീകരിച്ചിരുന്നത്. കൊടകരയ്ക്ക് സമാനമായ കുഴൽപ്പണ ഇടപാട് ചാത്തന്നൂരിലും നടന്നതായാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർണ്ണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിരവധി തവണ വന്ന് പോയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതേ സ്ഥാനാർഥിയാണ് മത്സരിച്ചത്. അന്ന് ചെലവാക്കിയ ഫണ്ട് മിച്ചം വന്നതിൽ പ്രവർത്തകർക്കിടയിൽ തർക്കംഉണ്ടായിരുന്നു. ഇത്തവണ ഇത്രയധികം പണധൂർത്ത് നടന്നപ്പോൾ പണത്തെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ കൊടകര കുഴൽപ്പണ കേസ് കൂടി ഉണ്ടായതോടുകൂടി ഈ സംശയം ബലപ്പെടുകയായിരുന്നുവെന്നും ബിജു പാരിപ്പള്ളി പറഞ്ഞു.
അതേസമയം ചാത്തന്നൂരിലെ പണധൂർത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് യു.ഡി.എഫ്. പരാതികൊടുത്തിട്ടുണ്ട്.
Content Highlights:Kodakara black money case money flowed in Chathannur too UDF demands probe