മനാമ > സൗദിയില് അവിവാഹിതര്, വിവാഹമോചിതര്, വിധവകള് എന്നിവര്ക്ക് പിതാവിന്റെയോ മറ്റേതെങ്കിലും പുരുഷ രക്ഷകര്ത്താവിന്റെയോ അനുമതിയില്ലാതെ വീട്ടില് തനിച്ച് താമസിക്കാന് അനുമതി. ആരുടെയും അനുമതി തേടാതെ സ്ത്രീകള്ക്ക് പ്രത്യേകമായി താമസിക്കാന് സ്വാതന്ത്ര്യം നല്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്ന് പ്രാദേശിക അറബ് പത്രം റിപ്പോര്ട്ട് ചെയ്തു.
പ്രായപൂര്ത്തിയായ അവിവാഹിത, വിവാഹമോചിത, വിധവ എന്നീ വിഭാഗം സ്ത്രീകളുടെ ഉത്തരവാദിത്വം ശരീഅ കോടതികളിലെ ആര്ട്ടിക്കിള് 169 ബി വകുപ്പ് പ്രകാരം പുരുഷ രക്ഷകര്ത്താവിനായിരുന്നു. എന്നാല്, ഈ ചട്ടം റദ്ദാക്കി പകരം പുതിയ നിയമ വാചകങ്ങള് ഉള്പ്പെടുത്തി ഭേദഗതി ചെയ്തു. എവിടെ താമസിക്കണമെന്ന് തെരഞ്ഞെടുക്കാന് പ്രായപൂര്ത്തിയായ സ്ത്രീക്ക് അവകാശമുണ്ട്, അവള് കുറ്റം ചെയ്തത് പ്രാമീണികരിക്കുന്ന തെളിവുകള് ഉണ്ടെങ്കില് മാത്രമേ രക്ഷിതാവിന് അവള്ക്കെതിരെ റിപ്പോര്ട്ട് ചെയ്യാന് കഴിയൂ, ഒരു സ്ത്രീക്ക് ജയില് ശിക്ഷ ലഭിക്കുകയാണെങ്കില് കാലാവധി പൂര്ത്തിയാക്കിയ ശേഷം അവളെ രക്ഷകര്ത്താവിന് കൈമാറില്ല എന്നീ മൂന്നു വാചകങ്ങളാണ് പകരമായി ഉള്പ്പെടുത്തിയത്.
പുതിയ നിയമ ഭേദഗതി ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതോടെ, ഒറ്റയ്ക്ക് താമസിക്കാന് ആഗ്രഹിക്കുന്ന പെണ്മക്കള്ക്കെതിരെ കുടുംബങ്ങള്ക്ക് ഇനിമേല് കേസ് കൊടുക്കാന് കഴിയില്ല. നേരത്തെ മുന്ഗണന നല്കിയ ഇത്തരം കേസുകള് കോടതികള്ക്ക് ഇനി സ്വീകരിക്കാനുമാകില്ല.
സൗദി എഴുത്തുകാരി മറിയം അല് ഒതൈബി (32) പിതാവിന്റെ അനുമതിയില്ലാതെ ഒറ്റയ്ക്ക് താമസിച്ചതിനും ഒറ്റയ്ക്ക് യാത്ര ചെയ്തതിനും കുടുംബം നല്കിയ കേസില് മൂന്നുവര്ഷത്തെ നിയമപോരാട്ടത്തിനൊടവില് വിജയിച്ചിരുന്നു. കേസില് 2020 ജൂലൈയില് വന്ന വിധിയില് ‘എവിടെയാണ് താമസിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം’ യുവതിക്കുണ്ടെന്ന് കോടതി വ്യക്തമാക്കി.