തൃശൂര്> കൊടകര കുഴല്പ്പണ കേസില് ആര്എസ്എസ് പ്രവര്ത്തകന് ധര്മരാജന്റെ ഹര്ജി കോടതി മടക്കി. കവര്ച്ച ചെയ്യപ്പെട്ട പണം തന്റേതാണെന്നും പൊലീസ് കണ്ടെടുത്ത പണം തിരികെ നല്കണമെന്നും ആവശ്യപ്പെട്ടാണ് ധര്മരാജന് കോടതിയെ സമീപിച്ചിരുന്നത്.
ഹര്ജിയിലെ സാങ്കേതിക പിഴവുകള് ചൂണ്ടിക്കാട്ടിയാണ് ഇരിങ്ങാലക്കുട ജുഡീഷ്യല് ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതി ഹര്ജി മടക്കിയത്. പിഴവുകള് പരിഹരിച്ച ശേഷം വീണ്ടും ഹര്ജി ഫയല് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടുപോയതെന്നും ഇതിനിടെയാണ് കവര്ച്ച നടന്നതെന്നും ഹര്ജിയില് പറഞ്ഞിരുന്നു.കേസില് പൊലീസ് ഇതുവരെ പ്രതികളില്നിന്ന് ഒന്നരക്കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. അതിനാല് ഈ പണം തനിക്ക് തിരികെ നല്കണമെന്നായിരുന്നു ധര്മരാജന്റെ ആവശ്യം.
ആദ്യം 25 ലക്ഷം രൂപ മാത്രമാണ് കവര്ച്ച ചെയ്യപ്പെട്ടതെന്നായിരുന്നു ധര്മരാജന് പൊലീസിന് നല്കിയ പരാതി. പിന്നീട് നടത്തിയ ചോദ്യംചെയ്യലില് ഏകദേശം മൂന്നരക്കോടിയോളം രൂപ കാറിലുണ്ടായിരുന്നതായും ഇത് കുഴല്പ്പണമാണെന്നും ധര്മരാജന് പൊലീസിനോട് പറഞ്ഞിരുന്നു.
എന്നാല് കോടതിയില് നല്കിയ ഹര്ജിയില് ഇത് ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്നാണ് വ്യക്തമാക്കിയിരുന്നത്.