തിരുവനന്തപുരം: നിയമന ഉത്തരവ് ലഭിച്ച ആയിരക്കണക്കിന് അധ്യാപകർ പുറത്തു നിൽക്കെ ബിഎഡ് വിദ്യാർത്ഥികളെ വച്ച് ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നീക്കം. കാസർകോട്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർമാരാണ് ഇതിനായി നിർദേശം നൽകിയത്.
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള സംപ്രേഷണത്തിന് പുറമെ കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന ഓൺലൈൻ ക്ലാസുകൾ സ്കൂൾ തലത്തിൽ തുടങ്ങുമെന്നത് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഇതിനാവശ്യമായ അധ്യാപകരെ കണ്ടെത്താനാകാതെ വിദ്യാഭ്യാസ വകുപ്പ് നട്ടം തിരിയുകയാണ്. അതത് ഡി.ഡി.ഇമാർ യോഗം ചേർന്ന് പരിഹാര മാർഗം കണ്ടെത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഇതനുസരിച്ച് അധ്യാപക പരിശീലന കോഴ്സായ ബിഎഡ് ബിരുദം പൂർത്തിയാക്കിയവരേയും അവസാന വർഷക്കാരേയും കൊണ്ട് ഓൺലൈൻ ക്ലാസുകൾ എടുപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കാസർകോട്, പാലക്കാട് ഡി.ഡി.ഇമാർ ഇതിനായി നടപടികൾ തുടങ്ങി.
പി.എസ്.സി. വഴി നിയമന ഉത്തരവ് ലഭിച്ച ആയിരങ്ങൾ കാത്തു നിൽക്കുമ്പോഴാണ് യോഗ്യത ഇല്ലാത്തവരെ അധ്യാപകരാക്കാനുള്ള നീക്കം. യോഗ്യത ഇല്ലാത്തവർ ക്ലാസുകൾ എടുത്താൽ അത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക അധ്യാപകർ തന്നെ പങ്കുവയ്ക്കുന്നു. അധ്യാപകരുടെ കടുത്ത ക്ഷാമമുണ്ടെന്ന് സമ്മതിക്കുമ്പോഴും സ്കൂൾ തുറന്നിട്ട് മതി നിയമനം എന്ന നിലപാടാണ് സർക്കാറിന്.
നിയമന ശുപാർശയും നിയമന ഉത്തരവും ലഭിച്ച 6000 ത്തിൽ പരം ഉദ്യോഗാർഥികളാണ് നിയമനം കാത്തിരിക്കുന്നത്. സർക്കാർ സ്കൂളുകളിൽ മാത്രം 8000 ലധികം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. എയ്ഡഡ് മേഖലയിലുമുണ്ട് ഇതിനോടടുത്ത ഒഴിവുകൾ.
Content Highlight: B.Ed students Online classes