കൊളത്തൂർ (കാസർകോട്)
ദിവസവും രാവിലെ ഏഴാവുമ്പോഴേക്കും ദേശാഭിമാനിയുടെ മുഖപ്രസംഗം ഓഡിയോ രൂപത്തിൽ വാട്സ് ആപ് ഗ്രൂപ്പുകളിലെത്തും. വായിക്കുന്നത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ഇ പത്മാവതി. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ സമയത്താണ് പത്രത്തിലെ മുഖപ്രസംഗം വായിച്ച് റെക്കോഡ് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്താലോ എന്ന ചിന്ത മനസ്സിലുദിച്ചത്. മഹിളാ അസോസിയേഷൻ പ്രവർത്തകർക്കുവേണ്ടിയായിരുന്നു തുടക്കം.
രാവിലെ പത്രം കിട്ടിയ ഉടൻ ഉച്ചത്തിൽ വായിച്ച് റെക്കോഡ് ചെയ്യും. തുടക്കത്തിൽ ഒന്ന് രണ്ട് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. നല്ല അഭിപ്രായമായിരുന്നു. ഒരുവർഷമായി മുടങ്ങാതെ മുഖപ്രസംഗം കേൾവിക്കാരുടെ മുന്നിലെത്തുന്നു. ജില്ലയിലെയും ജില്ലയ്ക്ക് പുറത്തുമുള്ള ഗ്രൂപ്പുകളിൽകൂടി ഷെയർചെയ്തു തുടങ്ങിയതോടെ മുഖപ്രസംഗ വായന വൻഹിറ്റായി. ലോക്ഡൗൺ കാലത്തെ കൗതുകം ഇപ്പോൾ ദിനചര്യയായെന്ന് പത്മാവതി പറയുന്നു. മുഖപ്രസംഗം പരമാവധി പേരെ കേൾപ്പിക്കുകയെന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. 75 ലധികം വാട്സ്ആപ് ഗ്രൂപ്പുകളിൽ മുഖപ്രസംഗം ഷെയർ ചെയ്യുന്നുണ്ട്. ഫെയ്സ് ബുക്കിലും പോസ്റ്റ് ചെയ്യുന്നു.