തിരുവനന്തപുരം
വയനാട് മുട്ടിൽ മരംമുറി കേസിൽ ഒരാളും രക്ഷപ്പെടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. വനസംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യം. അതിന് വിരുദ്ധമായതൊന്നും സംരക്ഷിക്കില്ല. അങ്ങനെയൊരു ആനുകൂല്യവും ആരും ഈ സർക്കാരിൽനിന്ന് പ്രതീക്ഷിക്കേണ്ട. മരംമുറിച്ചു കടത്തിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം തൃപ്തികരമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി. പി ടി തോമസ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ചാർജ് റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. കടത്തിയ മരം സർക്കാർ കസ്റ്റഡിയിലാണ്. ഇവ സർക്കാരിലേക്ക് കണ്ടുകെട്ടും. സംസ്ഥാന വ്യാപകമായി വനംമുറിച്ചു കടത്തൽ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി മിന്നൽ പരിശോധന നടത്തും. കോഴിക്കോട് വിജിലൻസ് കൺസർവേറ്ററായി താൽക്കാലിക ചുമതലുണ്ടായിരുന്ന ടി എം സാജൻ കേസ് അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്ന നിരവധി പരാതികൾ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇവയിൽ അടിയന്തര ഉദ്യോഗസ്ഥതല പരിശോധന നടത്തി സർക്കാരിനു റിപ്പോർട്ടുനൽകാൻ നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചാൽ, ആവശ്യമെങ്കിൽ മറ്റു സ്വതന്ത്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്തി കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിസഭയ്ക്ക് ഉറപ്പു നൽകി.
പൊലീസ് തെളിവെടുപ്പ് തുടങ്ങി
വിവാദമായ മുട്ടിൽ മരംമുറിയിൽ പൊലീസ് അന്വേഷണം ഊർജിതം. കോടികളുടെ മരം കൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വാഴവറ്റ, കുപ്പാടി പ്രദേശങ്ങളിൽ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. സിഐ എം സനൽരാജ് ഉൾപ്പെടെ 22 പേരാണ് ചൊവ്വാഴ്ച മരം മുറി നടന്ന പ്രദേശങ്ങളിലെത്തി തെളിവെടുത്തത്.
എറണാകുളം ജില്ലയിൽനിന്ന് പിടികൂടിയ മരത്തടികൾ ഇവിടെനിന്ന് മുറിച്ച് കടത്തിയതാണോ എന്നാണ് പ്രാഥമിക അന്വേഷണം. ആദിവാസികൾ കബളിപ്പിക്കപ്പെട്ട സംഭവവും അന്വേഷിക്കും. 100ലധികം വീട്ടി മരങ്ങൾ മുറിച്ച് കടത്തിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥരിൽനിന്നും തെളിവ് ശേഖരിക്കും. വൈത്തിരി തഹസിൽദാരുടെ പരാതിയിൽ മീനങ്ങാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാരിലേക്ക് റിസർവ് ചെയ്ത ഈട്ടി ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചതിന് വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റ്യൻ ഉൾപ്പെടെ 68 പേർക്കെതിരെയാണ് കേസ്.