തിരുവനന്തപുരം
ഹവാല ഏജന്റിനെ സംരക്ഷിക്കാൻ വാർത്താസമ്മേളനം വിളിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ഉടൻ രാജിവയ്ക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ആഭ്യന്തര സുരക്ഷയെയും തകർക്കുന്ന കള്ളപ്പണ ഇടപാടിനെ ന്യായീകരിക്കാനാണ് മുരളീധരൻ ശ്രമിച്ചത്. ഇതുവഴി സത്യപ്രതിജ്ഞാ ലംഘനവും അദ്ദേഹം നടത്തി.
ലക്ഷണമൊത്ത ഹവാല ഏജന്റാണ് ധർമരാജൻ. അയാളെ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച കേന്ദ്രമന്ത്രിക്ക് കോടികളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ആശങ്കയില്ല. കള്ളപ്പണ ഇടപാടുകാർക്കുവേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. ധർമരാജനെ തള്ളിപ്പറയാൻ ബിജെപി നേതാക്കളും തയ്യാറായിട്ടില്ല. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും മനഃസാക്ഷി സൂക്ഷിപ്പുകാരനും കെ സുരേന്ദ്രന്റെ അനധികൃത ഇടപാടുകളുടെ ഇടനിലക്കാരനുമാണ് ധർമരാജൻ.
രാജ്യത്ത് കള്ളപ്പണം തടയാനാണ് നോട്ടുനിരോധനം ഏർപ്പെടുത്തിയതെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പൊറാട്ടുനാടകമെന്ന് ഒരിക്കൽകൂടി വ്യക്തമാവുകയാണ്. ഇത്രയും വലിയ കള്ളപ്പണ ഇടപാട് നടന്നിട്ടും കേരളത്തിൽനിന്നുള്ള എംപികൂടിയായ രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണ്.
പെട്രോൾ വില വർധനയ്ക്കെതിരെ ബുധനാഴ്ച ഡിവൈഎഫ്ഐ യൂണിറ്റ് അടിസ്ഥാനത്തിൽ പോസ്റ്റർ പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ്, കേന്ദ്ര കമ്മിറ്റിയംഗം കെ യു ജനീഷ്കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.