ന്യൂയോർക്ക്
കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ 2020ൽ ആഗോള കടം 260.6 ലക്ഷം കോടി ഡോളറായി ഉയർന്നെന്ന് പ്രമുഖ സാമ്പത്തിക വിശകലന ഏജന്സിയായ മൂഡീസ് ഇൻവെസ്റ്റർ സർവീസ്. മുൻ വർഷത്തേതിൽനിന്ന് 32 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 2.33 കോടി കോടി രൂപ) വർധനയാണ് ഇത്. 2021ൽ സ്ഥിതി ഇനിയും വഷളാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വളരുന്ന മാർക്കറ്റുകളിൽ ആഫ്രിക്കയും കരീബിയനുമാകും ഏറ്റവും പ്രതിസന്ധി നേരിടുക. സർക്കാരുകളുടെ നയപരമായ പിന്തുണ നിലനിൽക്കുമ്പോൾത്തന്നെ, വളരുന്ന മാർക്കറ്റുകളുടെ കടംവീട്ടൽ കഴിവിനെ മഹാമാരി പ്രതിസന്ധിയിലാക്കും. വൻ സാമ്പത്തികശക്തികളുടെ ഉൽപ്പാദനക്ഷമതയെയും കോവിഡ് വെല്ലുവിളിക്കും. കോവിഡ് ഉയർത്തിയ സാമ്പത്തിക ഞെരുക്കത്തിൽനിന്ന് പുറത്തുകടക്കുക പ്രയാസകരമാകും. പ്രതിസന്ധിയെ ആദ്യം മറികടക്കുക അമേരിക്കയാകും. തെക്കൻ യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ സമയമെടുക്കും.
2020ന്റെ അവസാന പാദത്തോടെ സർക്കാർ കടം ആഗോള ജിഡിപിയുടെ 105 ശതമാനമായി ഉയർന്നു. കോവിഡിനുമുമ്പ് ഇത് രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 88 ശതമാനമായിരുന്നു. കോർപറേറ്റ് കടത്തിലും (നോൺ ഫിനാൻഷ്യൽ) വലിയ വർധനയുണ്ടായി. 2019 അവസാനം ജിഡിപിയുടെ 93 ശതമാനമായിരുന്നത് 102 ശതമാനത്തിലെത്തി. കോർപറേറ്റ് കടം (ഫിനാൻഷ്യൽ) 80ൽനിന്ന് 86 ശതമാനമായും കുടുംബ കടം 61ൽനിന്ന് 66 ശതമാനമായും ഉയർന്നു. 2010 മുതൽ 2020വരെ ആഗോളകടത്തിലുണ്ടായ വർധനയുടെ 65 ശതമാനവും സമ്പന്ന രാഷ്ട്രങ്ങളുടെ സംഭാവനയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.