കൊച്ചി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെമാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് വി.ജെ.കുര്യൻപടിയിറങ്ങുന്നു. എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിന് സിയാൽ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല താൽക്കാലികമായി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഒരു വിമാനത്താവളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്കുയർത്തിയ നിരവധി നവീനാശയങ്ങൾ അവതരിപ്പിക്കുയും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തയാളാണ് വിജെ കുര്യൻ.
അടിസ്ഥാന സൗകര്യവികസനത്തിൽ പൊതുജനപങ്കാളിത്തം, സൗരോർജ പദ്ധതി, വീടുനഷ്ടപ്പെട്ടവർക്കായി നടപ്പിലാക്കിയ പുനരധിവാസ പാക്കേജ്, കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധത എന്നീമേഖലകളിൽ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ സിയാൽ മുന്നോട്ടുവച്ച മാതൃകകളാണ് കുര്യനെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തനാക്കിയത്.
അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 2016-ൽ വിരമിച്ച അദ്ദേഹത്തോട് അഞ്ചുവർഷം സിയാൽ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് തുടരാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കാലാവധി ബുധനാഴ്ച അവസാനിക്കും. സിയാലിന്റെ 27 വർഷത്തെ ചരിത്രത്തിൽ മൂന്ന് ഘട്ടങ്ങളിലായി 19 വർഷം മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച റിക്കോർഡോടെയാണ് കുര്യൻ വിരമിക്കുന്നത്. 1983 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കുര്യൻ.
പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണികഴിപ്പിക്കുക എന്ന ആശയം അവതരിപ്പിക്കുകയും തീവ്രമായ പരിശ്രമത്തോടെ അത് പ്രാവർത്തികമാക്കുകയും ചെയ്തതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന. കുര്യന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ അംഗീകരിച്ചത് നിർണായകമായി. 1994-ലാണ് വിമാനത്താവള നിർമാണത്തിനായി സിയാൽ എന്ന കമ്പനി രൂപ വത്കരിച്ചത്. തുടർന്നുള്ള എൽ.ഡി.എഫ് സർക്കാരും കുര്യന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. 1999-ൽ രാജ്യത്തെ ആദ്യത്തെ പി.പി.പി. വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങി. പ്രതിവർഷം ഒരുകോടി യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോകുന്നത്.
അടിസ്ഥാന സൗകര്യവികസനത്തിൽ നിരന്തരം പരീക്ഷണങ്ങൾ നടത്താൻ വി.ജെ.കുര്യൻ ശ്രദ്ധിച്ചിരുന്നു. 2015-ൽ സിയാൽ, ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി മാറി. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി സംരക്ഷണ ബഹുമതിയായ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്ക്കാരം സിയാലിനെ തേടിയെത്തി. നിലവിൽ 40 മെഗാവാട്ടാണ് സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി.
മുവാറ്റുപുഴ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച വി.ജെ.കുര്യൻ, ആലപ്പുഴ, എറണാകുളം ജില്ലാകളക്ടർ, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഔഷധി എം.ഡി ആയിരിക്കെ പ്ലാന്റുകളിൽ ആധുനികവത്ക്കരണം നടപ്പിലാക്കി. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ (ആർ.ബി.ഡി.സി.കെ) മാനേജിങ് ഡയറക്ടറായിരിക്കെ 65 റെയിൽ ഓവർബ്രിഡ്ജുകളുടേയും 23 മേൽപ്പാലങ്ങളുടെയും പദ്ധതി ഏറ്റെടുത്തു. കൊച്ചിയിലെ സീ-പോർട്ട്- എയർപോർട്ട് റോഡ് നിർമിച്ചു. സ്പൈസസ് ബോർഡ് ചെയർമാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്പൈസസ് പാർക്ക് എന്നിവ ആരംഭിച്ചു.
തൃശ്ശൂർ ആലപ്പാട്ട് കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. ഡോ. ജോസഫ് കുര്യൻ, ഡോ. എലിസബത്ത് കുര്യൻ എന്നിവർ മക്കളാണ്.