തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ പ്രതികളിൽനിന്ന്കണ്ടെടുത്ത പണം തിരികെ കിട്ടാൻ പരാതിക്കാരനായ ധർമരാജൻ കോടതിയെ സമീപിച്ചു. കവർച്ചക്കാരിൽനിന്ന് കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. പണം ഡൽഹിയിലെ മാർവാഡി തന്നതാണെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.
ഡൽഹിയിലുള്ള ഗോവിന്ദ് എന്ന മാർവാഡിയാണ് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ധർമരാജൻ പറയുന്നത്.ഇതുപ്രകാരം ഒന്നാം തീയതി ഷംസീറിന്റെ വാഹനം കൊണ്ടുവരുകയും വാഹനത്തിന്റെ കാർപ്പെറ്റ് മാറ്റി അതിൽ 3.25 കോടി രൂപ സൂക്ഷിക്കുകയും ചെയ്തു. 25 ലക്ഷം രൂപ ബാഗിലാക്കിയാണ് വെച്ചത്. 25 ലക്ഷം മാത്രമേ വാഹനത്തിലൂള്ളൂ എന്നാണ്ഷംസീറിനോട് പറഞ്ഞിരുന്നത്.
രണ്ടാംതീയതി കോഴിക്കോടുനിന്ന് പുറപ്പെട്ട വാഹനം മൂന്നാം തീയതി രാവിലെ 4.50ഓടെ തൃശ്ശൂർ കൊടകരയിൽവെച്ച് ആക്രമിക്കപ്പെട്ടെന്ന് ഷംസീർ തന്നെ അറിയിച്ചതായാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. പ്രതികളിൽനിന്നായി കണ്ടെടുത്തിരിക്കുന്ന ഒരു കോടി 40 ലക്ഷം രൂപ തിരികെ കിട്ടണം എന്നാവശ്യപ്പെട്ടാണ് ധർമരാജൻ ഇപ്പോൾ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധർമരാജൻ സ്വീകരിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യത്തിന് ഡൽഹിയിൽനിന്ന് മാർവാഡി കൊടുത്തുവിട്ട പണമാണിതെന്നുംകോഴിക്കോടുനിന്ന് എറണാകുളത്തേക്ക് കൊടുത്തുവിടുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വമെന്നും അതിന് തനിക്ക് കമ്മീഷൻ ലഭിക്കുമെന്നും ധർമരാജൻ പറയുന്നു.
Content Highlights:Kodakara money laundering case: Dharmarajans petition seeking refund of recovered money