തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ ആദർശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോൺഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവർത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം രാഷ്ട്രീതാൽപര്യങ്ങൾക്ക് അതീതമായി തനിക്കൊപ്പം നിന്നു. അവരോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
വളരെ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്. ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ താൻ കണ്ടിട്ടുണ്ട്. പല പ്രതിസന്ധികളേയും കണ്ടിട്ടുണ്ട്. പാർട്ടിയാണ് തനിക്ക് ജീവനേക്കാൾ വലുത്. ആ പാർട്ടി പ്രതിസന്ധി ഘട്ടത്തിലൂടെ മുന്നോട്ടുപോവുമ്പോൾ പാർട്ടിയെ തികഞ്ഞ ഉത്തരവാദിത്തോടു കൂടി മുന്നോട്ടുകൊണ്ടുപോവേണ്ടത് എല്ലാ കോൺഗ്രസ് പ്രവർത്തകരുടേയും ഉത്തരവാദിത്തമാണ്.
കെപിസിസി അധ്യക്ഷനായി കെ സുധാകരനെ തിരഞ്ഞെടുത്ത വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഞാൻ അദ്ദേഹത്തെ വിളിച്ചു. വിവരങ്ങൾ അന്വേഷിച്ചു. പടിയിറങ്ങിപ്പോവുന്ന അധ്യക്ഷൻ എന്ന നിലയ്ക്ക് കെ സുധാകരനെ താൻ സ്വാഗതം ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായതിനു പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ കെപിസിസി അധ്യക്ഷന് എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.