തിരുവനന്തപുരം: കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത്തരത്തിൽ വാക്സിൻ നൽകുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പിപിഇ കിറ്റ് വേണമെങ്കിൽ ഉപയോഗിച്ചാൽ മതി. എന്നാൽ ഗ്ലൗസ്, മാസ്ക്, ഫെയ്സ് ഷീൽഡ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ഇതിനൊപ്പം ഓരോ വീട്ടിലും എത്തുന്ന വാക്സിനേഷൻ സംഘത്തിൽ ഒരു മെഡിക്കൽ ഓഫീസർ, വാക്സിൻ നൽകുന്നയാൾ, സഹായിയായി ആശ വർക്കർ അല്ലെങ്കിൽ സന്നദ്ധ പ്രവർത്തകർ എന്നിവരുണ്ടാകണം.
വാക്സിൻ നൽകുന്നതിന് മുമ്പ് കിടപ്പുരോഗികളുടെ ആരോഗ്യം അതാത് വീട്ടിലെത്തുന്ന മെഡിക്കൽ ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തണം. വാക്സിൻ നൽകിയതിന് ശേഷം വാക്സിൻ സ്വീകരിച്ചയാളെ 30 മിനിറ്റ് നേരത്തേക്ക് നിരീക്ഷിക്കാൻ ഒരാളെ നിർത്തണം. ആശ പ്രവർത്തകയോ സന്നദ്ധ പ്രവർത്തകരോ ആയ ആളെ ഇങ്ങനെ നിയോഗിക്കാം. വാക്സിൻ സ്വീകരിച്ച ആളിന് ശാരീരിക അസ്വസ്ഥതകൾ പ്രകടമായാൽ വിവിരം മെഡിക്കൽ ഓഫീസറിനെ അറിയിച്ച് എത്രയും പെട്ടന്ന് ആംബുലൻസ് മുഖേനെ വൈദ്യസഹായം ലഭ്യമാക്കണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലർക്കുമാരേയും കോവിഡ് വാക്സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. നിലവിൽ ഏതെങ്കിലും കോടതികളിൽ സജീവമായി പ്രവർത്തിക്കുന്ന അഭിഭാഷകർക്കും ക്ലർക്കുമാർക്കുമാണ് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കുക. ഇതിനൊപ്പം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും അധികാര പരിധിയിൽ വരുന്ന സ്ഥലങ്ങളിലെ മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ അതാത് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ ശേഖരിക്കണമെന്നും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വിവരങ്ങൾ ഉപയോഗിച്ച് മുതിർന്ന പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ പോലീസ് ഉറപ്പുവരുത്തണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
Content Highlights: Vaccination protocol for bed bedridden patients