ന്യൂഡൽഹി: പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. അവസാനനിമിഷം അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ കെ. സുധാകരൻ പ്രസിഡന്റാകാനാണ് എല്ലാ സാധ്യതയും. കേരളത്തിലെ നേതാക്കളിൽനിന്ന് അഭിപ്രായം ആരാഞ്ഞ താരിഖ് അൻവർ സംസ്ഥാന നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷ പിന്തുണ സുധാകരനാണ് എന്ന റിപ്പോർട്ടാണ് നൽകിയത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മൗനം പാലിച്ചതല്ലാതെ ആരുടെയും പേര് നിർദേശിച്ചില്ലെന്നും റിപ്പോർട്ടിലുള്ളതായാണ് വിവരം. ചില നേതാക്കൾ കെ.സി. വേണുഗോപാലിന്റെയും കെ. മുരളീധരന്റെയും പി.ടി. തോമസിന്റെയും പേര് നിർദേശിച്ചു.
സോണിയഗാന്ധിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇനി അന്തിമ ചർച്ചയിൽ എ.കെ. ആന്റണിയുടേയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും അഭിപ്രായമാണ് നിർണായകമാകുക. ആന്റണിയുടെ പിന്തുണ സുധാകരന് അനുകൂലമാണെന്നാണ് നേരത്തെ തന്നെയുള്ള സൂചനകൾ. കെ.സി. വേണുഗോപാലുമായി സുധാകരനുള്ള ബന്ധം അത്ര ഇഴയടുപ്പമുള്ളതല്ല. അത് മാത്രമാണ് ഇനി സുധാകരന് മുന്നിലുള്ള കടമ്പ. തിരഞ്ഞെടുപ്പിന് ശേഷം കാര്യമായി പ്രതികരണത്തിന് തയ്യാറാകാത്ത കെ. സുധാകരൻ തലസ്ഥാനത്ത് തന്നെയാണുള്ളത്. പ്രവർത്തകർക്ക് ആവേശം നിറയ്ക്കാൻ കഴിയുന്ന നേതാവ് എന്നതാണ് സുധാകരന് മുൻതൂക്കം നൽകുന്ന ഘടകം
പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പി.ടി. തോമസ് വർക്കിങ് പ്രസിഡന്റായി വന്നേക്കും.സുധാകരന്റെ പേര് അംഗീകരിക്കപ്പെട്ടാൽ കുറഞ്ഞത് മൂന്ന് വർക്കിങ് പ്രസിഡന്റുമാർ കൂടി നിയമിക്കപ്പെട്ടേക്കും. സാമുദായിക സമവാക്യം കൂടി കണക്കിലെടുത്താകും ഈ നിയമനം. കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദിഖ് എന്നിവർ വർക്കിങ് പ്രസിഡന്റുമാരായേക്കും. അഞ്ച് വർക്കിങ് പ്രസിഡന്റുമാർ വന്നാൽ പി.സി. വിഷ്ണുനാഥിനും സാധ്യതയുണ്ട്. പി.ടി. തോമസ് അല്ലെങ്കിൽ റോജി എം. ജോണിനോ ഹൈബി ഈഡനോ സാധ്യതയുണ്ട്. മുന്നണി കൺവീനറായി ബെന്നി ബെഹനാൻ തിരിച്ചെത്താനും സാധ്യതയുണ്ട്.
content highlights:k sudhakaran likey to become kpcc president; pt thomas will get working president post













