കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതി മാർട്ടിൻ ജോസഫിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.അതേസമയം പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
Read More: കൊച്ചിയിൽ യുവതിക്ക് ക്രൂരപീഡനം; ദിവസങ്ങളോളം ഫ്ളാറ്റിൽ പൂട്ടിയിട്ട് മർദിച്ചു, ലൈംഗികാതിക്രമം, മൂത്രം കുടിപ്പിച്ചു
ഇരുപത്തിരണ്ട് ദിവസം കൊച്ചിയിലെ ഫ്ളാറ്റിൽവെച്ച്ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്നവീഡിയോ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ കേസ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിനെതിരേ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാൽ ഇതുവരേയും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനെതിരേ വിമർശനങ്ങൾ ഉയർന്നതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സെൻട്രൽ സ്റ്റേഷൻ എസ്.ഐയുടേയും പ്രത്യേകസംഘത്തിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നുണ്ട്.
അതേസമയം പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ സെഷൻസ് കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.
Content Highlights:Woman molested in Kochi Police have issued a lookout notice against the accused